ഭാര്യയുമായുള്ള സൗന്ദര്യപ്പിണക്കം ഒത്തുതീർക്കണം; രണ്ടു ദിവസം ലീവ് ആവശ്യപ്പെട്ട് സർക്കാർ ഉദ്യോഗസ്ഥൻ
ഷംസാദ് അഹ്‌മദിന്റെ അപേക്ഷ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്
കാൺപൂർ: തൊഴിലാളികൾ പല ആവശ്യങ്ങൾക്ക് ലീവു ചോദിക്കാറുണ്ട്. ന്യായമാണെന്ന് തോന്നുന്ന അവധി അപേക്ഷകൾ മിക്ക മേലുദ്യോഗസ്ഥരും നിരസിക്കാറുമില്ല. എന്നാൽ ഇതെന്തൊരു അപേക്ഷയാണ് എന്നു കരുതി ഉദ്യോഗസ്ഥർ അന്തം വിട്ടിരിക്കുന്ന അനുവങ്ങൾ കുറവായിരിക്കും. അത്തരമൊരു അനുഭവമാണ് കാൺപൂരിലെ ബ്ലോക് ഡെവലപ്‌മെന്റ് ഓഫീസർക്കുണ്ടായത്.
ഭാര്യയുമായുള്ള തർക്കം ഒത്തുതീർക്കാൻ രണ്ടു ദിവസത്തെ അവധി വേണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷയാണ് ഉദ്യോഗസ്ഥന് മുമ്പിലെത്തിയത്. ഓഫീസിലെ ക്ലര്‍ക്കായ ഷംസാദ് അഹ്‌മദാണ് ഈ ആവശ്യം ഉന്നയിച്ച് അവധി അപേക്ഷ നൽകിയത്.
തർക്കങ്ങളെ തുടർന്ന് കുട്ടികളുമായി ഭാര്യ അവരുടെ വീട്ടിലേക്ക് പോയതായി അപേക്ഷയിൽ പറയുന്നു. വീട്ടിലേക്ക് തിരിച്ചു കൊണ്ടുവരാൻ കുറച്ചു സമയം വേണം. 'പ്യാർ-മുഹബ്ബത് കി ബാതി'ന്റെ (സ്‌നേഹം) പേരിലാണ് തർക്കം. ഇക്കാര്യം കൊണ്ട് വൈകാരികമായി തകർന്നിരിക്കുകയാണ്. - അപേക്ഷയിൽ പറയുന്നു.
അഹ്‌മദിന്റെ അപേക്ഷയോട് ബിഡിഒ പുറംതിരിഞ്ഞു നിന്നില്ല. ജീവനക്കാരൻ ആവശ്യപ്പെട്ടത് അനുസരിച്ച് ലീവ് അനുവദിക്കുകയായിരുന്നു. ഏതായാലും, അഹ്‌മദിന്റെ അപേക്ഷ എങ്ങനെയൊക്കെയോ പുറത്തായി. തൊട്ടുപിന്നാലെ അത് സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു.