കാവഡ് യാത്ര: കട ഉടമകളുടെ പേരുകൾ പ്രദർശിപ്പിക്കണമെന്ന ഉത്തരവിറക്കിയിട്ടില്ലെന്ന് മധ്യപ്രദേശ്

ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സർക്കാരുകളുടെ ഉത്തരവ് ഇന്നലെ സുപ്രിംകോടതി സ്റ്റേ ചെയ്തിരുന്നു

Update: 2024-07-23 01:56 GMT
Advertising

ഭോപാൽ: കാവഡ് യാത്രാ റൂട്ടിലെ കട ഉടമകളുടെ പേരുകൾ നിർബന്ധമായും പ്രദർശിപ്പിക്കണമെന്ന ഉത്തരവ് സംസ്ഥാനം പുറത്തിറക്കിയിട്ടില്ലെന്ന് മധ്യപ്രദേശ് സർക്കാർ. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഡൽഹി, മധ്യപ്രദേശ് സംസ്ഥാനങ്ങളിലൂടെയാണ് കാവഡ് യാത്ര കടന്നുപോകുന്നത്.

കടകൾക്ക് മുന്നിൽ ​ഉടമകൾ പേരുകൾ പ്രദർശിപ്പിക്കണമന്ന വിവാദ ഉത്തരവ് പുറത്തിറക്കിയ ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സർക്കാരു​കളുടെ നടപടി സുപ്രിംകോടതി ഇന്നലെ സ്റ്റേ ചെയ്തിരുന്നു. തുടർന്ന് യാത്ര കടന്നു പോകുന്ന സംസ്ഥാനങ്ങൾക്ക് സുപ്രിംകോടതി നോട്ടീസ് അയക്കുകയും ചെയ്തു.

അതിന് പിന്നാലെയാണ് ഉടമകളുടെയും ജീവനക്കാരുടെയും പേരുകൾ പ്രദർശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിർദേശങ്ങളൊന്നും പുറപ്പെടുവിച്ചിട്ടില്ലെന്ന് മധ്യപ്രദേശ് സർക്കാർ വ്യക്തമാക്കിയത്. ഈ വിഷയത്തിൽ ആശയക്കുഴപ്പം പരത്തുന്നത് ഒഴിവാക്കണമെന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോട് സർക്കാർ നിർദേശിച്ചിട്ടുമുണ്ട്.

മധ്യപ്രദേശിലെ ചില മുനിസിപ്പൽ കോർപ്പറേഷനുകൾ ഉടമകളുടെ പേരുകൾ പ്രദർശിപ്പിക്കാൻ ഉത്തരവിട്ടതായി വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ആ ഉത്തരവുകൾ കച്ചവടക്കാർ പാലി​ക്കേണ്ടതില്ല. മധ്യപ്രദേശ് ഔട്ട്‌ഡോർ അഡ്വർടൈസിംഗ് മീഡിയ റൂൾസ്- 2017 അനുസരിച്ചായിരിക്കണം കടയുടെ ബോർഡുകൾ പ്രദ​ർശിപ്പിക്കേണ്ടത്. അല്ലാതെ മറ്റുനിയമങ്ങളോ നിയന്ത്രണങ്ങളോ സംസ്ഥാനത്ത് പ്രഖ്യാപിച്ചിട്ടില്ല. ഈ വിഷയത്തിൽ ആശയക്കുഴപ്പം പരത്തുന്നത് ഒഴിവാക്കണമെന്ന് തദ്ദേശ സ്ഥാപനങ്ങളോട് നിർദേശിച്ചിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി.

ഉത്തരവിന് സ്റ്റേ നൽകിയതിന് പിന്നാലെ വിവിധ രാഷ്ട്രീയ പാർട്ടികൾ സുപ്രിംകോടതി വിധിയെ സ്വാഗതം ചെയ്ത് രംഗത്തെത്തി. ഉടമകളുടെയും ജീവനക്കാരുടെയും പേരുകൾ പ്രദർശിപ്പിക്കാൻ നിർബന്ധിക്കരുതെന്നായിരുന്നു ഉത്തരവ് റദ്ദാക്കി​കൊണ്ട് കോടതി പറഞ്ഞത്.  ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് APCR നൽകിയ ഹരജിയിലായാണ് സുപ്രിംകോടതി നടപടി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കാവഡ് യാത്ര കടന്നുപോകുന്ന വഴികളിലുള്ള എല്ലാ ഭക്ഷണശാലകളിലും ഉടമകളുടെയും ജീവനക്കാരുടെയും പേരുകളടങ്ങിയ ബോർഡുകൾ പ്രദർശിപ്പിക്കണമെന്ന് ഉത്തരവിട്ടത്.

കട ഉടമകൾ പേരുകൾ പ്രദർശിപ്പിക്കണമെന്ന ഉത്തരാഖണ്ഡ്, യുപി സർക്കാറുകൾ പിന്നാലെ ഉജ്ജയിൻ മുനിസിപ്പൽ ബോഡിയും കടയുടമകളോട് അവരുടെ പേരുകൾ പ്രദർശിപ്പിക്കാൻ ഉത്തരവിട്ടിരുന്നു. കട ഉടമകളോട് അവരുടെ പേരുകളും മൊബൈൽ നമ്പറുകളും അവരുടെ സ്ഥാപനങ്ങൾക്ക് പുറത്ത് പ്രദർശിപ്പിക്കാൻ ഉജ്ജയിൻ മുനിസിപ്പൽ കോർപ്പറേഷൻ നിർദ്ദേശിച്ചു. ആദ്യതവണ നിയമം ലംഘിച്ചാൽ 2000 രൂപ പിഴയും ഉത്തരവ് ലംഘിച്ചാൽ 5,000 രൂപയും പിഴ അടയ്ക്കേണ്ടിവരുമെന്ന് ഉജ്ജയിൻ മേയർ മുകേഷ് തത്വാൾ അറിയിച്ചു. യോഗി ആദിത്യനാഥിന്റെ ഉത്തരവിനെതിരെ വലിയ വിമർശനമാണ് ഉയര്‍ന്നത്. 

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News