യു.പിയിൽ കാവഡ് യാത്രയ്ക്കിടെ മുസ്‌ലിം ഡ്രൈവർക്ക് തീർഥാടകരുടെ ക്രൂരമർദനം; കാർ തകർത്തു

ആക്രമണത്തിൽ നിന്ന് രക്ഷനേടാൻ കാർ ഡ്രൈവർ അടുത്തുള്ള റസ്റ്റോറന്‍റിനുള്ളിലേക്ക് ഓടിക്കയറി. എന്നാൽ ഇതിനകത്തു കയറിയും സംഘം യുവാവിനെ മർദിച്ചു.

Update: 2024-07-24 12:08 GMT
Advertising

ലഖ്നൗ: ഉത്തർപ്രദേശിൽ കാവഡ് യാത്രയ്ക്കിടെ മുസ്‌ലിം ഡ്രൈവറെ ക്രൂരമായി മർദിച്ച് തീർഥാടകർ. മുസാഫർനഗറിലെ ചപ്പർ ​ഗ്രാമത്തിൽ ജൂലൈ കഴിഞ്ഞദിവസമായിരുന്നു സംഭവം. കാർ ഡ്രൈവറായ ആഖ്വിബിനാണ് മർദനമേറ്റത്. ഇദ്ദേഹത്തിന്റെ കാർ തടഞ്ഞുനിർത്തി കല്ലും മണ്ണും വാരിയിട്ട കാവഡ് യാത്രികർ വാഹനം തല്ലിത്തകർക്കുകയും ചവിട്ടിപ്പൊളിക്കുകയും ചെയ്തു.

ഗംഗാ നദിയിൽ നിന്നുള്ള ജലം കൊണ്ടുപോകുന്ന കാവഡിൽ കാർ ഇടിച്ചെന്നും കേടുപാടുകൾ വരുത്തിയെന്നും ആരോപിച്ചായിരുന്നു മർദനം. എന്നാൽ കാർ ഒരു കാവഡിനും കേടുപാടുകൾ ഉണ്ടായിട്ടില്ലെന്നും പ്രകോപനമില്ലാതെയാണ് ഇദ്ദേഹത്തെ കാവഡ് യാത്രികർ ആക്രമിച്ചതെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ പത്തോളം അജ്ഞാതരായ കാവഡ് യാത്രികർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.

സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അക്രമാസക്തരായ ഒരു സംഘം കാവഡ് യാത്രികർ കാർ നശിപ്പിക്കുന്നതും മുകളിൽ കയറി ചില്ലുകൾപ്പെടെ തകർക്കുന്നതും ഉടമയെ കൂട്ടമായി മർദിക്കുന്നതും കാണാം. പൊലീസുകാരുടെ മുന്നിൽവച്ചായിരുന്നു ആക്രമണം. ആക്രമണത്തിൽ നിന്ന് രക്ഷനേടാൻ കാർ ഡ്രൈവർ അടുത്തുള്ള റസ്റ്റോറന്‍റിനുള്ളിലേക്ക് ഓടിക്കയറി. എന്നാൽ ഇതിനകത്തു കയറിയും സംഘം യുവാവിനെ മർദിച്ചു.

കേടുപാടുകൾ സംഭവിച്ച കാവഡിനെ കുറിച്ച് ചോദിച്ചപ്പോൾ തീർഥാടകർ മറുപടിയൊന്നും പറഞ്ഞില്ലെന്ന് എഫ്.ഐ.ആറിൽ പറയുന്നു. പരിശോധനയിലും കേടുപാടുകൾ സംഭവിച്ചതായി പൊലീസിന് കണ്ടെത്താനായില്ല. മനഃപൂർവം കാർ തടഞ്ഞുനിർത്തി ഡ്രൈവറെ കാരണമില്ലാതെ ആക്രമിച്ചതാണെന്ന് പൊലീസ് പറയുന്നു. ഇതേതുടർന്നുണ്ടായ ഗതാഗതക്കുരുക്ക് കാരണം നിരവധി ആളുകൾക്ക് ബുദ്ധിമുട്ടുണ്ടായെന്നും പൊലീസ് വ്യക്തമാക്കി.

പൊലീസിന്‍റെ ഇടപെടലുണ്ടായതിനാൽ കൂടുതൽ നാശനഷ്ടങ്ങൾ സംഭവിച്ചില്ലെന്ന് റെസ്റ്റോറന്‍റ് ഉടമ പ്രദീപ് കുമാർ പറഞ്ഞു. ആക്രമണത്തിൽ ആഖ്വിബിന് തലയിലും കൈകളിലും പുറത്തുമടക്കം പരിക്കേറ്റു. ചികിത്സ തേടിയ ശേഷം പ്രതികരണവുമായി ആഖ്വിബ് രം​ഗത്തെത്തി.

കാവഡ് യാത്രികർ കടന്നുപോകുന്നതിന്റെ തിരക്ക് മൂലം പതുക്കെയാണ് താൻ വാഹനം ഓടിച്ചിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇതിനിടെ ഇതുവഴി വന്ന ഒരു ബൈക്ക് തൻ്റെ കാറിനു മുന്നിൽ മറിഞ്ഞു. പിന്നാലെ കാവഡ് യാത്രികരിലൊരാൾ തൻ്റെ കാറിൽ ഇടിച്ചു. തുടർന്ന് ഒരു കൂട്ടം കാവഡ് യാത്രികർ തന്റെ നേർക്ക് തിരിഞ്ഞ് അവരുടെ വിശുദ്ധജലം നശിപ്പിച്ചെന്ന് ആരോപിച്ച് നിഷ്കരുണം മർദിക്കാൻ തുടങ്ങി. അവർ തന്റെ വാഹനവും നശിപ്പിച്ചു. വണ്ടിക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചു”- അഖിബ് പറഞ്ഞു.

സാമ്പത്തികമായും ശാരീരികമായും താൻ നേരിട്ട നഷ്ടത്തിന് നഷ്ടപരിഹാരം വേണമെന്നും തനിക്കേറ്റ പരിക്കുകൾ മാധ്യമങ്ങളെ കാണിച്ച് ആഖ്വിബ് ആവശ്യപ്പെട്ടു. നേരത്തെ, ഭക്ഷണത്തിൽ ഉള്ളിയുടെ കഷ്ണങ്ങൾ കിട്ടിയതിന് കാവഡ് തീർഥാടകർ യു.പിയിലെ ഹോട്ടൽ തല്ലിത്തകർത്തിരുന്നു. മുസഫർനഗറിൽ ഡൽഹി-ഹരിദ്വാർ ദേശീയപാതയ്ക്കു സമീപത്തെ ‘തൗ ഹുക്കേവാല ഹരിയാൻവി ടൂറിസ്റ്റ് ധാബയാണ് തീർഥാടകർ തകർത്തത്.

കാവഡ് യാത്ര കടന്നുപോകുന്ന പശ്ചിമ യു.പിയിലെ 240 കിലോമീറ്റർ റോഡിൽ ഹോട്ടലുകളുടെയും പഴക്കടകളുടേയും മുന്നിൽ കടയുടമകളുടെ പേരുകൾ പ്രദർശിപ്പിക്കണമെന്ന യു.പി സർക്കാറിന്‍റെ വിവാദ ഉത്തരവ് പുറത്തുവന്നതിനു പിന്നാലെയാണ് ഈ സംഭവങ്ങൾ. ഗംഗയിൽ നിന്ന് ശേഖരിച്ച ജലവുമായി ഹരിദ്വാറിലേക്ക് പോകുന്ന യാത്രയാണ് കാവഡ് യാത്ര എന്നറിയപ്പെടുന്നത്. 




Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News