മോദിജി, സമയമുണ്ടെങ്കിൽ ജന്തർ മന്ദറിൽ പോയി ഗുസ്തി താരങ്ങളുടെ 'മൻ കി ബാത്ത്' കേൾക്കൂ: കപിൽ സിബൽ
ഞായറാഴ്ചയാണ് പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്ത് നൂറ് എപ്പിസോഡുകൾ പിന്നിട്ടത്.
ന്യൂഡൽഹി: ഗുസ്തി താരങ്ങളുടെ സമരത്തെ കണ്ടില്ലെന്ന് നടിക്കുന്ന പ്രധാനമന്ത്രിയെ വിമർശിച്ച് കപിൽ സിബൽ. മൻ കി ബാത്തിന്റെ നൂറ് എപ്പിസോഡുകൾ പിന്നിട്ട താങ്കൾക്ക് സമയമുണ്ടെങ്കിൽ ജന്തർ മന്ദറിൽ പോയി ഗുസ്തി താരങ്ങളുടെ 'മൻ കി ബാത്ത്' കേൾക്കാൻ തയ്യാറാവണമെന്ന് കപിൽ സിബൽ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
''മോദിജി അങ്ങയുടെ നൂറാം മൻ കി ബാത്തിന് അഭിനന്ദനങ്ങൾ. അങ്ങേക്ക് സമയമുണ്ടെങ്കിൽ ജന്തർ മന്ദറിൽ പോയി അവിടെ പ്രതിഷേധിക്കുന്ന വനിതാ ഗുസ്തി താരങ്ങളുടെ 'മൻ കി ബാത്ത്' കേൾക്കണം. അവരുടെ വേദന മനസിലാക്കാൻ നമ്മുടെ പ്രധാനമന്ത്രി തയ്യാറാണെന്ന് അത് തെളിയിക്കും''-കപിൽ സിബൽ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷണെതിരെ ലൈംഗിക പീഡനം അടക്കമുള്ള ആരോപണങ്ങൾ ഉന്നയിച്ചാണ് ഒളിമ്പിക് മെഡൽ ജേതാക്കളായ വനിതാ ഗുസ്തി താരങ്ങളടക്കം പ്രതിഷേധിക്കുന്നത്. സുപ്രിംകോടതി നിർദേശപ്രകാരം ബ്രിജ് ഭൂഷണെതിരെ കേസ് രജിസ്റ്റർ ചെയ്‌തെങ്കിലും അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറായിട്ടില്ല. ബി.ജെ.പി എം.പി കൂടിയായ ബ്രിജ് ഭൂഷണെ സംരക്ഷിക്കുന്ന നിലപാടാണ് ഒളിമ്പിക് അസോസിയേഷനും കേന്ദ്ര കായിക മന്ത്രാലയവും സ്വീകരിക്കുന്നതെന്നും താരങ്ങൾ ആരോപിക്കുന്നു.