മുസ്ലിംകൾക്കെതിരായ വിവേചനം നാടിന്റെ അധഃപതനം: കർണാടക ബി.ജെ.പി നേതാവ്

'എന്താണ് ഈ വിഷയത്തിൽ സർക്കാർ മൗനം പാലിക്കുന്നത്? അവർ കന്നഡിഗരല്ലേ?' - എച്ച് വിശ്വനാഥ്

Update: 2022-03-29 10:04 GMT
Editor : André | By : André

എച്ച് വിശ്വനാഥ്

Advertising

ബെംഗളുരു: മുസ്ലിംകൾക്കെതിരായ വിവേചനം നാടിന്റെ അധഃപതനത്തിന്റെ സൂചനയാണെന്നും കർണാടയിലെ സംഭവങ്ങളിൽ സംസ്ഥാന സർക്കാർ ഇടപെടണമെന്നും ബി.ജെ.പി നേതാവ് അഡഗൂർ എച്ച് വിശ്വനാഥ്. ക്ഷേത്രപരിസരത്ത് മുസ്ലിം വ്യാപാരികളെ വിലക്കണമെന്ന സംഘ്പരിവാർ സംഘടനകളുടെ ആഹ്വാനത്തോട് പ്രതികരിക്കവെയാണ് കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ അംഗവും മുൻ മന്ത്രിയുമായ ഇക്കാര്യം പരാമർശിച്ചത്.

'നമ്മുടെ എത്രയാളുകൾ ഇംഗ്ലണ്ടിലും അമേരിക്കയിലുമുണ്ട്? ലോകത്തെ എത്രയോ രാജ്യങ്ങളിൽ, പ്രത്യേകിച്ച് മുസ്ലിം രാഷ്ട്രങ്ങളിൽ നമ്മുടെ ആളുകൾ ജോലി ചെയ്യുന്നു. ഇതൊക്കെ ഒരു തീരുമാനമായാൽ എന്താണുണ്ടാവുക, നമ്മൾ എങ്ങോട്ടാണ് പോവുക? എന്ത് ഭ്രാന്താണിത്? ഇല്ല. ഒരു ദൈവവും ഇങ്ങനെ പറഞ്ഞിട്ടില്ല. ഒരു മതവും ഇങ്ങനെ പറഞ്ഞിട്ടില്ല. ഒരു കൂട്ടരെ മാത്രം ഉൾക്കൊള്ളാനും മറ്റൊരു കൂട്ടരെ ഒഴിവാക്കാനും ഒരു മതവും പറഞ്ഞിട്ടില്ല. സർക്കാർ ഇടപെടേണ്ട വിഷയമാണിത്. എന്തുകൊണ്ട് സർക്കാർ ഇടപെടാതിരിക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല.' - മാധ്യമപ്രവർത്തകരുമായി സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

'എന്താണ് ഈ വിഷയത്തിൽ സർക്കാർ മൗനം പാലിക്കുന്നത്? അവർ (മുസ്ലിംകൾ) കന്നടക്കാരല്ലേ? ഇന്ത്യ-പാകിസ്താൻ വിഭജനമുണ്ടായപ്പോൾ ഇവിടുത്തെ മുസ്ലിംകൾ സ്വർണവുമായി പാകിസ്താനിൽ പോയവരല്ല. അവർ ഭാരതീയരാണ്. ഭാരതീയരല്ലാതെ മറ്റാരുമല്ല അവർ.'

'ഇതൊന്നും ആലോചിക്കാതെയാണ് മുസ്ലിംകൾ ഇവിടെ പാടില്ലെന്നും ഈ ഹോട്ടൽ അടക്കണമെന്നും ആ ഹോട്ടൽ പൂട്ടണമെന്നുമെല്ലാം പറയുന്നത്. എന്താണിത്? ഇത് നാടിന്റെ മോശം അവസ്ഥയാണ്. സർക്കാർ ഈ വിഷയത്തിൽ മുൻകൈയെടുക്കണം. സർക്കാർ ഇടപെടുന്നില്ലെങ്കിൽ ജനങ്ങൾ ഇടപെടണം.' എച്ച് വിശ്വനാഥ് പറഞ്ഞു.

മുൻ കോൺഗ്രസ് നേതാവായ എച്ച് വിശ്വനാഥ് മൂന്നുതവണ കർണാടക കാബിനറ്റ് മന്ത്രിയായിരുന്നിട്ടുണ്ട്. 2017-ൽ കോൺഗ്രസ് വിട്ട് അദ്ദേഹം ജെ.ഡി.എസ്സിലും പിന്നീട് 2019-ൽ ബി.ജെ.പിയിലും ചേർന്നു. 2019-ൽ എച്ച്.ഡി കുമാരസ്വാമി സർക്കാർ നേതൃത്വം നൽകിയ കോൺഗ്രസ് - ജെ.ഡി.എസ് സഖ്യസർക്കാറിന്റെ വീഴ്ചയ്ക്കു കാരണമായത് എച്ച് വിശ്വനാഥ് അടക്കമുള്ള 15 എം.എൽ.എമാരുടെ കൂറുമാറ്റമായിരുന്നു.

Tags:    

Writer - André

contributor

Editor - André

contributor

By - André

contributor

Similar News