മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനായി ഖാർഗയുടെ വസതിയിൽ നിർണായക യോഗം ചേരും
നിയുക്ത എംഎൽഎമാർ നാളെ ബംഗളൂരുവിൽ ഉണ്ടാകണമെന്ന് പാർട്ടി നിർദേശം നൽകിയിട്ടുണ്ട്
ബംഗളൂരു: കർണാടകയിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിനായി ഖാർഗയുടെ വസതിയിൽ പതിനൊന്ന് മണിക്ക് നിർണായക യോഗം ചേരും. ശിവകുമാറും, സിദ്ധരാമയ്യയും യോഗത്തിനെത്തും. യോഗത്തിൽ നേതാക്കള്‍ തമ്മിൽ ധാരണയിൽ എത്തിയാൽ നാളെ ബംഗളൂരുവിൽ വെച്ച് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് കോൺഗ്രസ് നീക്കം. നിയുക്ത എം.എൽ. എമാർ നാളെ ബംഗളൂരുവിൽ ഉണ്ടാകണമെന്ന് പാർട്ടി നിർദേശിച്ചിട്ടുണ്ട്.
ഡികെ ശിവകുമാർ മുന്നോട്ടുവെച്ച നിബന്ധനകൾ മല്ലികാർജുൻ ഖാർഗെ മുതിർന്ന നേതാക്കളുമായി ചർച്ച ചെയ്യും. സോണിയാ ഗാന്ധിയുടെ അഭിപ്രായം കൂടി കണക്കിലെടുത്തായിരിക്കും അന്തിമ തീരുമാനം.
ഭൂരിപക്ഷം എം.എൽ.എമാരുടെ പിന്തുണയുള്ള സിദ്ധരാമയ്യയെ കർണാടക മുഖ്യമന്തിയാക്കുന്നതിനോടാണു ഹൈക്കമാൻഡിനു കൂടുതൽ താൽപര്യം. പക്ഷെ ഡി.കെ.ശിവകുമാറിനെ എങ്ങനെ അനുനയിപ്പിക്കുമെന്ന കാര്യത്തിൽ കോൺഗ്രസ് ആശയക്കുഴപ്പത്തിലാണ്. ഇന്നലെ ചർച്ചകൾ നടന്നെങ്കിലും മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തീരുമാനം എടുത്തിട്ടില്ല. സോണിയാ ഗാന്ധിയുടെ അഭിപ്രായം കൂടി കണക്കിലെടുത്തായിരിക്കും അന്തിമ തീരുമാനം ഉണ്ടാവുക. സോണിയയുടെ സാന്നിധ്യത്തിൽ സിദ്ധരാമയ്യ്ക്കും ശിവകുമാറിനുമിടയിൽ സമവായ നീക്കങ്ങൾക്കാണ് കോൺഗ്രസ് ലക്ഷ്യംവെയ്ക്കുന്നത്.
ആദ്യ ടേമിൽ മുഖ്യമന്ത്രിയായി സിദ്ധരാമയ്യയെ തെരഞ്ഞെടുത്താൽ ഉപമുഖ്യമന്ത്രി സ്ഥാനത്ത് താൻ മാത്രമാകണമെന്നും മന്ത്രിസഭയിലെ താക്കോൽ സ്ഥാനങ്ങൾ താൻ നിർദേശിക്കുന്നവർക്ക് നൽകണം എന്നുമാണ് ഡി.കെ ശിവകുമാറിന്റെ ആവശ്യം.