കോളജ് പ്രിൻസിപ്പലിന്റെ മുഖത്തടിച്ച് കർണാടക എം.എൽ.എ; വ്യാപക പ്രതിഷേധം
മാണ്ഡ്യയിലെ നാൽവാടി കൃഷ്ണ രാജ വെടിയാർ ഐടിഐ കോളേജിലാണ് സംഭവം
ബംഗളുരു:കർണാടകയിലെ ജനതാദൾ (എസ്) നേതാവും മാണ്ഡ്യ എം.എൽ.എയുമായ എം.ശ്രീനിവാസ് കോളേജ് പ്രിൻസിപ്പലിനെ തല്ലുന്ന ദൃശ്യങ്ങൾ പുറത്ത്. കോളജ് സന്ദർശിച്ചപ്പോൾ കമ്പ്യൂട്ടർ ലാബിന്റെ വികസന പ്രവർത്തനങ്ങളെക്കുറിച്ച് എം.എൽ.എയുടെ ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം നൽകാൻ പ്രിൻസിപ്പലിന് കഴിഞ്ഞില്ല. ഇതിൽ ദേഷ്യംപൂണ്ട എം.എൽ.എ പ്രിൻസിപ്പലിന്റെ മുഖത്ത് അടിക്കുകയായിരുന്നു.
ജൂൺ 20ന് മാണ്ഡ്യയിലെ നാൽവാടി കൃഷ്ണ രാജ വെടിയാർ ഐടിഐ കോളേജിലാണ് സംഭവം നടന്നത്. എന്നാൽ അതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. പ്രിൻസിപ്പലിന്റെ മുഖത്ത് എം.എൽ.എ തുടരെ അടിക്കുന്നതും വീഡിയോയിലുണ്ട്. ഒരു സ്ത്രീ ഉൾപ്പെടെയുള്ള മറ്റ് ഉദ്യോഗസ്ഥരും മറ്റ് പ്രാദേശിക രാഷ്ട്രീയക്കാരും സംഭവം ഞെട്ടലോടെ വീക്ഷിക്കുന്നത് കാണാം.
എം.എൽ.എയുടെ പ്രവർത്തിക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. 'പ്രിൻസിപ്പലിനെ എം.എൽ.എ അടിക്കുമ്പോൾ സഹപ്രവർത്തകർ നിശ്ശബ്ദമായി നോക്കി നിൽക്കുകയാണ്. സംഭവത്തിൽ പ്രതിഷേധിച്ച് പ്രിൻസിപ്പലിന് പിന്തുണ നൽകിക്കൊണ്ട് പരിപാടിയിൽ നിന്ന് ഇറങ്ങിപ്പോകണമായിരുന്നെന്ന് വീഡിയോ പങ്കുവെച്ച് ഒരാൾ അഭിപ്രായപ്പെട്ടു.
'പ്രിൻസിപ്പൽ പൊലീസിൽ പരാതി നൽകണം. അദ്ദേഹത്തിന്റെ സ്റ്റാഫും മറ്റ് കോളേജുകളിലെ സ്റ്റാഫും ഈ പ്രിൻസിപ്പലിന് പിന്തുണയുമായി വരണം'...മറ്റൊരാൾ സോഷ്യൽമീഡിയയിൽ കുറിച്ചു. എന്നാൽ സംഭവത്തിൽ എം.എൽ.എയുടെയോ കോളജിന്റെയോ പ്രിൻസിപ്പലിന്റെയോ പ്രതികരണം ഇതുവരെ വന്നിട്ടില്ല.