യുവതിയുടെ കരണത്തടിച്ച സംഭവം: മാപ്പ് പറഞ്ഞ് ബി.ജെ.പി മന്ത്രി; ഒപ്പം ന്യായീകരണവും

'യുവതിയോട് മാറി നിൽക്കാൻ കൈകൊണ്ട് കാണിക്കുകയല്ലാതെ മറ്റൊരു ഉദ്ദേശവും എനിക്കില്ലായിരുന്നു. എനിക്ക് സ്ത്രീകളോട് വലിയ ബഹുമാനമാണ്'- മന്ത്രി പറഞ്ഞു.

Update: 2022-10-23 14:41 GMT
Advertising

ബംഗളൂരു: പട്ടയം വിതരണം ചെയ്യുന്ന പരിപാടിക്കിടെ യുവതിയുടെ കരണത്തടിച്ച സംഭവത്തിൽ‍ മാപ്പുമായി കർണാടകയിലെ ബി.ജെ.പി മന്ത്രി വി സോമണ്ണ. യുവതിയുടെ കരണത്തടിക്കുന്ന വീഡിയോ വൈറലാവുകയും വൻ വിമർശനവും പ്രതിഷേധവും ഉയരുകയും ചെയ്തതിനു പിന്നാലെയാണ് മന്ത്രിയുടെ മാപ്പ്. എന്നാൽ ഇതൊരു വലിയ സംഭവമല്ലെന്നും താൻ മോശമായി പെരുമാറിയിട്ടില്ലെന്നുമാണ് മന്ത്രിയുടെ ന്യായീകരണം.

"ഇതൊരു വലിയ സംഭവമല്ല. കഴിഞ്ഞ 40 വർഷമായി രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നയാളാണ് ഞാൻ. സമൂഹത്തിലെ താഴേത്തട്ടിലുള്ളവർക്കും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും വേണ്ടി സംഘടിപ്പിച്ച പരിപാടിയാണത്. ഞാൻ മോശമായി പെരുമാറിയില്ലെങ്കിലും എന്റെ പ്രവൃത്തിയിൽ‍ ആർക്കെങ്കിലും വേദന തോന്നിയെങ്കിൽ ക്ഷമ ചോദിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്യുന്നു"- അടിസ്ഥാന സൗകര്യ വികസന മന്ത്രി പറഞ്ഞു.

"യുവതിയോട് മാറി നിൽക്കാൻ കൈകൊണ്ട് കാണിക്കുകയല്ലാതെ മറ്റൊരു ഉദ്ദേശവും എനിക്കില്ലായിരുന്നു. എനിക്ക് സ്ത്രീകളോട് വലിയ ബഹുമാനമാണ്. ഞാനും സാമ്പത്തികമായി ദുർബലമായ പശ്ചാത്തലത്തിൽ നിന്നാണ് വന്നത്" മന്ത്രി അവകാശപ്പെട്ടു. യുവതിക്ക് പട്ടയം നൽകിയതായും മന്ത്രി കൂട്ടിച്ചേർത്തു.

ശനിയാഴ്ച ചാമരാജനഗർ ജില്ലയിലെ ഹംഗല ഗ്രാമത്തിൽ പട്ടയം വിതരണം ചെയ്യാനെത്തിയപ്പോഴായിരുന്നു മന്ത്രിയുടെ ആക്രമണം. ‌കെമ്പമ്മ എന്ന യുവതിയെയാണ് സോമണ്ണ തല്ലിയത്. പട്ടയം ലഭിക്കാത്ത യുവതി മന്ത്രിയുടെ അടുത്തേക്ക് നീങ്ങുന്നതിന്റേയും സോമണ്ണ യുവതിയുടെ കരണത്ത് അടിക്കുന്നതിന്റേയും വീഡിയോ പുറത്തുവന്നിരുന്നു. അടിച്ച ഉടനെ യുവതി മന്ത്രിയുടെ കാലിൽ വീഴുന്നതും വീഡിയോയിൽ കാണാം.

കർണാടക ലാൻഡ് റവന്യൂ നിയമത്തിലെ സെക്ഷൻ 94സി പ്രകാരം ഗ്രാമപ്രദേശങ്ങളിൽ ഭൂമി ക്രമപ്പെടുത്തുന്നതിന് 175 ഓളം പേർക്കാണ് പട്ടയം നൽകിയത്. റവന്യൂ വകുപ്പിന് കീഴിലുള്ള പട്ടയം അനുവദിക്കാത്തതിന്റെ സങ്കടം പറയാനാണ് മന്ത്രിയെ സമീപിച്ചെന്നും അപ്പോഴാണ് തന്നെ തല്ലിയതെന്നും യുവതി പറഞ്ഞിരുന്നു.

വൈകിട്ട് 3.30ന് നടക്കേണ്ട പരിപാടിയിൽ രണ്ട് മണിക്കൂർ വൈകിയാണ് മന്ത്രിയെത്തിയത്. ഇതാദ്യമായല്ല ഒരു ബി.ജെ.പി മന്ത്രി പരസ്യമായി ജനങ്ങളെ അധിക്ഷേപിക്കുന്നത്. കഴിഞ്ഞ ഡിസംബറിൽ നിയമമന്ത്രിയായിരുന്ന ജെ.സി മധുസ്വാമി ഒരു കർഷക സ്ത്രീയെ പൊതുമധ്യത്തിൽ അധിക്ഷേപിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News