മുസ്‍ലിം സ്ത്രീകളെ കുഞ്ഞുങ്ങളെയുണ്ടാക്കുന്ന ഫാക്ടറികളെന്ന് അധിക്ഷേപിച്ച ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍
കര്‍ണാടകയിലെ റായ്ച്ചൂരിലാണ് സംഭവം
ബെംഗളൂരു: മുസ്‍ലിം സ്ത്രീകളെ കുഞ്ഞുങ്ങളെ നിര്‍മിക്കുന്ന ഫാക്ടറികളെന്ന് അധിക്ഷേപിച്ച ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. കര്‍ണാടകയിലാണ് സംഭവം. റായ്ച്ചൂരിലെ ലിംഗസുഗൂർ സ്വദേശി രാജു തുമ്പകാണ് അറസ്റ്റിലായത്.
വാട്സ്ആപ്പ് സ്റ്റാറ്റസിലാണ് രാജു തുമ്പക് മുസ്‍ലിം സ്ത്രീകളെ അധിക്ഷേപിക്കുന്ന കാര്‍ട്ടൂണ്‍ പങ്കുവെച്ചത്. തുമ്പകിന്റെ അധിക്ഷേപത്തിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നു. പോസ്റ്റ് വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയതോടെ തുമ്പകിനെതിരെ പൊലീസില്‍ പരാതിയെത്തി.
പരാതിയുടെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച രാത്രി തുമ്പകിനെ പൊലീസ് അറസ്റ്റ് ചെയ്തു. മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. സെക്ഷൻ 295 (എ) (മതവികാരം വ്രണപ്പെടുത്തല്‍), 505 (1) (സി) (ഏതെങ്കിലും വിഭാഗത്തിനോ സമൂഹത്തിനോ എതിരെ കുറ്റകൃത്യം ചെയ്യാന്‍ പ്രേരിപ്പിക്കല്‍) എന്നീ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തത്. കൂടുതൽ ചോദ്യംചെയ്യലിനായി ഇയാളെ കസ്റ്റഡിയിൽ വിടാന്‍ പൊലീസ് ആവശ്യപ്പെട്ടേക്കും.
വിദ്വേഷ പ്രചാരണങ്ങള്‍ക്കും സദാചാര പൊലീസിങ്ങിനുമെതിരെ കര്‍ശന നടപടിയെടുക്കാന്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ പൊലീസിന് നിര്‍ദേശ നല്‍കിയിരുന്നു. പിന്നാലെയാണ് രാജു തുമ്പകിന്‍റെ അറസ്റ്റ്.
Summary- RSS worker from Karnataka’s Raichur has been arrested for putting up a WhatsApp status depicting Muslim women as 'baby-making factory'.