സവർക്കറെ കുറിച്ചുള്ള കവിത പുറത്ത്; നെഹ്‌റുവിന്‍റെ കത്ത് വീണ്ടും കര്‍ണാടകയിലെ പാഠപുസ്തകങ്ങളിൽ

6 മുതൽ 10 വരെ ക്ലാസുകളിലെ കന്നഡ, സോഷ്യൽ സയൻസ് വിഷയങ്ങളില്‍ 18 മാറ്റങ്ങളാണ് വരുത്തിയത്

Update: 2023-06-18 04:28 GMT
Advertising

ബെംഗളൂരു: സ്‌കൂൾ പാഠപുസ്തക പരിഷ്‌കരണത്തിന് കർണാടക മന്ത്രിസഭ അംഗീകാരം നൽകിയതിനു പിന്നാലെ പുസ്തകങ്ങളില്‍ 18 മാറ്റങ്ങള്‍ വരുത്തി സംസ്ഥാന സര്‍ക്കാര്‍. 6 മുതൽ 10 വരെ ക്ലാസുകളിലെ കന്നഡ, സോഷ്യൽ സയൻസ് വിഷയങ്ങളിലാണ് മാറ്റം വരുത്തിയത്.

ആർ.എസ്‌.എസ് സ്ഥാപകൻ കെ.ബി ഹെഡ്‌ഗേവാറിനെക്കുറിച്ചുള്ള പാഠം ഒഴിവാക്കി. പത്താം ക്ലാസിലെ കന്നഡ ഭാഷാ പുസ്തകത്തില്‍ നിന്നാണ് ഹെഡ്‌ഗേവാറിനെക്കുറിച്ചുള്ള 'ആരാണ് മാതൃകാ പുരുഷൻ' എന്ന പാഠഭാഗം ഒഴിവാക്കിയത്. അതിന് പകരം ശിവകോടാചാര്യ എഴുതിയ 'സുകുമാര സ്വാമിയുടെ കഥ' എന്ന പാഠം ഉൾപ്പെടുത്തി. ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ 'ഒരച്ഛന്‍ മകള്‍ക്കയച്ച കത്തുകള്‍' എട്ടാം ക്ലാസ്സിലെ പാഠപുസ്തകത്തിലേക്ക് തിരികെക്കൊണ്ടുവരികയും ചെയ്തു.

വലതുപക്ഷ സൈദ്ധാന്തികനായ രോഹിത് ചക്രതീർത്ഥ പാഠപുസ്തക പരിഷ്കരണ സമിതിയുടെ തലപ്പത്തെത്തിയപ്പോഴാണ് മുൻ ബി.ജെ.പി സർക്കാർ ഹെഡ്‌ഗേവാറിനെ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയത്. ജവഹർലാൽ നെഹ്‌റുവിന്‍റെ കത്തുകള്‍ക്കു പകരം പറമ്പള്ളി നരസിംഹ ഐതാളിന്റെ ഭൂ കൈലാസം ഉള്‍പ്പെടുത്തുകയും ചെയ്യുകയുണ്ടായി. നെഹ്‌റു ഇന്ദിരാഗാന്ധിക്ക് എഴുതിയത് പഠിക്കുന്നതിനേക്കാൾ സമൂഹത്തിൽ എങ്ങനെ മാതൃകാ പുരുഷനാകാം (ഹെഡ്‌ഗേവാറിന്റെ പാഠം പരാമർശിച്ച്) എന്നത് പഠിക്കേണ്ടത് പ്രധാനമാണെന്നായിരുന്നു ബി.ജെ.പി സര്‍ക്കാരിന്‍റെ ന്യായീകരണം.

കെ.ടി ഗാട്ടി രചിച്ച സവർക്കറെ കുറിച്ചുള്ള കവിതയും എട്ടാം ക്ലാസ് കന്നഡ ഭാഷാ പാഠപുസ്തകത്തിൽ നിന്നും ഒഴിവാക്കി. പകരം വിജയമാല രംഗനാഥിന്‍റെ ‘ബ്ലഡ്ഗ്രൂപ്പ്’ ഉള്‍പ്പെടുത്തി. ഹിന്ദുത്വ സൈദ്ധാന്തികരായ ചക്രവർത്തി സുലിബെലെ, ശതാവധാനി ഗണേഷ് എന്നിവരുടെ കൃതികളും കോൺഗ്രസ് സർക്കാർ പത്താം ക്ലാസ് കന്നഡ ഭാഷാ പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കര്‍ണാടകയില്‍ കോൺഗ്രസിന്‍റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു പാഠപുസ്തക പരിഷ്കരണം. അടുത്ത അധ്യയന വർഷത്തിൽ പാഠപുസ്തകങ്ങളുടെ സമ്പൂർണ പരിഷ്കരണം നടത്തുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉറപ്പുനൽകി. ആകെ 45 ശിപാർശകൾ സർക്കാരിന് സമർപ്പിച്ചെങ്കിലും 18 മാറ്റങ്ങളാണ് നിലവില്‍ വരുത്തിയിരിക്കുന്നത്.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News