'സി.ബി.ഐ അറസ്റ്റ് റദ്ദാക്കണം'; സുപ്രിംകോടതിയെ സമീപിച്ച് കെജ്‌രിവാൾ

അറസ്റ്റ് തള്ളാൻ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചതിനെ ചോദ്യം ചെയ്താണ് കെജ്‌രിവാൾ സുപ്രിം കോടതിയെ സമീപിച്ചത്

Update: 2024-08-12 08:34 GMT
Advertising

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ സി.ബി.ഐ അറസ്റ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ‍ഡൽ​ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ സുപ്രിംകോടതിയെ സമീപിച്ചു. അറസ്റ്റ് തള്ളാൻ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചതിനെ ചോദ്യം ചെയ്താണ് കെജ്‌രിവാൾ തിങ്കളാഴ്ച സുപ്രിംകോടതിയെ സമീപിച്ചത്. മുതിർന്ന അഭിഭാഷകരായ അഭിഷേക് മനു സിങ്‌വിയും വിക്രം ചൗധരിയും കെജ്‌രിവാളിനെ പ്രതിനിധീകരിച്ചു. വിഷയം അടിയന്തരമായി പരിഗണിക്കണമെന്ന് ഇവർ സുപ്രിംകോടതിയോട് ആവശ്യപ്പെട്ടു.

കേന്ദ്ര അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തതിനെ ചോദ്യം ചെയ്ത കെജ്‌രിവാളിന്റെ ഹരജി ആ​ഗസ്ത് അഞ്ചിന് ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു. എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് ഫയൽ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തിഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ ജൂൺ 26നാണ് കെജ്‌രിവാളിനെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. ഇ.ഡി കേസിൽ ജൂലൈ 12ന് കെജ്‌രിവാളിന് സുപ്രിംകോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. 

ജാമ്യാപേക്ഷയെ അന്വേഷണ ഏജൻസി ഹൈക്കോടതിയിൽ എതിർത്തിരുന്നു. കെജ്‌രിവാൾ മദ്യനയ അഴിമതിക്കേസിന്റെ സൂത്രധാരനാണെന്നും പുറത്തിറങ്ങിയാൽ അന്വേഷണത്തെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും സി.ബി.ഐ അവകാശപ്പെട്ടു. ഡല്‍ഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് മാര്‍ച്ച് 21നാണ് കെജ്‌രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. പിന്നീട് സുപ്രിം കോടതിയില്‍ നിന്ന് 21 ദിവസത്തേക്ക് ഇടക്കാല ജാമ്യം ലഭിച്ചു.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News