ഇ.ഡി കസ്റ്റഡിക്കെതിരെ അരവിന്ദ് കെജ്‌രിവാൾ ഡൽഹി ഹൈക്കോടതിയിൽ

ഡൽഹി റൗസ് കോടതി ഉത്തരവിനെതിരെയാണ് ഹരജി

Update: 2024-03-23 14:35 GMT

കെജ്‍രിവാള്‍

Advertising

ന്യൂഡൽഹി:എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് കസ്റ്റഡിയിൽ വിട്ടത് ചോദ്യം ചെയ്ത് ആംആദ്മി പാർട്ടി തലവൻ അരവിന്ദ് കെജ്‌രിവാൾ ഡൽഹി ഹൈക്കോടതിയിൽ ഹരജി നൽകി. ഡൽഹി റൗസ് കോടതി ഉത്തരവിനെതിരെയാണ് ഡൽഹി മുഖ്യമന്ത്രിയുടെ ഹരജി. ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു. അറസ്റ്റും കസ്റ്റഡിയും നിയമവിരുദ്ധമാണെന്ന് ഹരജിയിൽ പറഞ്ഞു. അതേസമയം, കെജ്‌രിവാളിന്റെ ഹരജി ഉടൻ പരിഗണിക്കില്ലെന്നും ബുധനാഴ്ചയേ പരിഗണിക്കൂവെന്നും ഹൈക്കോടതി പറഞ്ഞു.

മദ്യ നയക്കേസിൽ വ്യാഴാഴ്ച രാത്രിയാണ് ഇ.ഡി സംഘം അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തത്. തുടർന്ന് മാർച്ച് 28 വരെയാണ് റൗസ് അവന്യൂ കോടതി ഇ.ഡി കസ്റ്റഡിയിൽ വിട്ടത്. 10 ദിവസം കസ്റ്റഡിയിൽ വേണമെന്നായിരുന്നു ഇ.ഡി ആവശ്യപ്പെട്ടിരുന്നത്. ആറു ദിവസത്തെ കസ്റ്റഡിയാണ് കോടതി അനുവദിച്ചത്. മൂന്നര മണിക്കൂർ നീണ്ട വാദത്തിനൊടുവിലാണ് ഇ.ഡിയുടെ ആവശ്യം കോടതി അംഗീകരിച്ചത്.

മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ കെജ്രിവാളാണെന്ന് ഇ.ഡി കോടതിയിൽ ആരോപിച്ചിരുന്നു. തട്ടിപ്പിന്റെ ബുദ്ധികേന്ദ്രമായി പ്രവർത്തിച്ചത് കെജ്രിവാളാണ്. നയം രൂപീകരിക്കുന്നതിൽ അദ്ദേഹം നേരിട്ട് പങ്കുവഹിച്ചിരുന്നു. കോടിക്കണക്കിന് രൂപ കെജ്രിവാൾ അഴിമതിയിലൂടെ ഉണ്ടാക്കി. ഈ പണമാണ് ഗോവ തെരഞ്ഞെടുപ്പിൽ ഉപയോഗിച്ചതെന്നും ഇ.ഡി കോടതിയിൽ ആരോപിച്ചു.

അതേസമയം മാപ്പുസാക്ഷിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കെജ്രിവാളിനെതിരെ ഇ.ഡി ആരോപണമുന്നയിക്കുന്നതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകർ വാദിച്ചു. മാപ്പുസാക്ഷികളെ വിശ്വസിക്കാനാകില്ല. അറസ്റ്റിനുള്ള അടിയന്തര സാഹചര്യമെന്തെന്ന് ഇ.ഡി വ്യക്തമാക്കിന്നില്ല. ഇ.ഡിയുടെ വാദങ്ങൾ പരസ്പര ബന്ധമില്ലാത്തതാണെന്നും കെജ്രിവാളിന്റെ അഭിഭാഷകർ വാദിച്ചു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News