'പ്രധാനമന്ത്രി എത്ര പഠിച്ചിട്ടുണ്ടെന്നറിയാൻ രാജ്യത്തിന് അവകാശമില്ലേ?'; ഗുജറാത്ത് ഹൈക്കോടതി വിധിയിൽ കെജ്‌രിവാൾ
മോദിയുടെ എംഎ ബിരുദം സംബന്ധിച്ച വിവരങ്ങൾ കെജ്രിവാളിന് നൽകാൻ നിർദ്ദേശിച്ചുള്ള കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ഉത്തരവ് ഗുജറാത്ത് ഹൈക്കോടതി ഇന്നാണ് റദ്ദാക്കിയത്
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റ് വിവരം നൽകേണ്ടെന്ന ഗുജറാത്ത് ഹൈക്കോടതിയുടെ ഉത്തരവിൽ പ്രതികരിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. തങ്ങളുടെ പ്രധാനമന്ത്രി എത്ര പഠിച്ചിട്ടുണ്ടെന്ന് അറിയാൻ പോലും രാജ്യത്തിന് അവകാശമില്ലേയെന്നും കോടതിയിൽ ബിരുദം കാണിക്കുന്നതിനെ അദ്ദേഹം ശക്തമായി എതിർത്തത് എന്തിനാണെന്നും കെജ്രിവാൾ ട്വിറ്ററിൽ ചോദിച്ചു.
'ബിരുദം കാണാൻ ആവശ്യപ്പെടുന്നവർക്ക് പിഴ ചുമത്തുന്നു? ഇത് എന്താണ് സംഭവിക്കുന്നത്? നിരക്ഷരരോ വിദ്യാഭ്യാസം കുറഞ്ഞതോ ആയ പ്രധാനമന്ത്രി രാജ്യത്തിന് വളരെ അപകടമാണ്' ഹിന്ദിയിലെഴുതിയ ട്വീറ്റിൽ കെജ്‌രിവാൾ കുറ്റപ്പെടുത്തി.
മോദിയുടെ എംഎ ബിരുദം സംബന്ധിച്ച വിവരങ്ങൾ കെജ്രിവാളിന് നൽകാൻ ഗുജറാത്ത് സർവകലാശാലയോട് നിർദ്ദേശിച്ചുള്ള കേന്ദ്ര വിവരാവകാശ കമ്മീഷന്റെ (സിഐസി) 2016 ലെ ഉത്തരവ് ഗുജറാത്ത് ഹൈക്കോടതി ഇന്നാണ് റദ്ദാക്കിയത്. ഗുജറാത്ത് സർവകലാശാലയുടെ ഹരജിയിൽ ജസ്റ്റിസ് ബീരേൻ വൈഷ്ണവാണ് ഉത്തരവ് പുറപ്പെടുവിച്ചത്. നോട്ടീസ് നൽകാതെയാണ് സിഐസി ഉത്തരവിട്ടതെന്ന് കാണിച്ചാണ് നടപടി. ഫെബ്രുവരി 9 ന് കക്ഷികളെ വിശദമായി കേട്ടതിന് ശേഷം വിധി പറയാൻ മാറ്റിവെച്ചതായിരുന്നു കേസ്.