ഇന്ന് ഡൽഹിക്ക് സംഭവിച്ചത് നാളെ ആര്‍ക്കും സംഭവിക്കാം, പറ്റ്ന യോഗത്തില്‍ ചര്‍ച്ച വേണം; പ്രതിപക്ഷ പാർട്ടികള്‍ക്ക് കേജ്‍രിവാളിന്‍റെ കത്ത്

കൺകറന്‍റ് ലിസ്റ്റിൽ ഉള്ള അധികാരങ്ങൾ കേന്ദ്ര സർക്കാർ കവർന്നെടുക്കുമെന്നും കേജ്‍രിവാൾ പ്രതിപക്ഷ പാർട്ടികൾക്ക് അയച്ച കത്തിൽ പറയുന്നു

Update: 2023-06-21 06:17 GMT
Editor : Jaisy Thomas | By : Web Desk

അരവിന്ദ് കേജ്‍രിവാള്‍

Advertising

ഡല്‍ഹി: പ്രതിപക്ഷ പാർട്ടികളുടെ പറ്റ്ന യോഗത്തിൽ ഡൽഹി ഓർഡിനൻസ് പ്രധാന ചർച്ചാ വിഷയമാക്കണമെന്ന് ആവശ്യപ്പെട്ട് അരവിന്ദ് കേജ്‍രിവാളിന്‍റെ കത്ത് . ഇന്ന് ഡൽഹിക്ക് സംഭവിച്ചത് നാളെ ഏത് സംസ്ഥാനത്തിനും സംഭവിക്കാം. കൺകറന്‍റ് ലിസ്റ്റിൽ ഉള്ള അധികാരങ്ങൾ കേന്ദ്ര സർക്കാർ കവർന്നെടുക്കുമെന്നും കേജ്‍രിവാൾ പ്രതിപക്ഷ പാർട്ടികൾക്ക് അയച്ച കത്തിൽ പറയുന്നു.

കേന്ദ്രസർക്കാരിന്‍റെ ഓർഡിനൻസുമായി ബന്ധപ്പെട്ട ബിൽ രാജ്യസഭയിൽ പരാജയപ്പെടുത്തുന്നതിനെക്കുറിച്ചാണ് യോഗത്തിൽ ആദ്യം ചർച്ച ചെയ്യേണ്ടതെന്ന് എഎപി ദേശീയ കൺവീനർ കൂടിയായ കേജ്‍രിവാള്‍ പറയുന്നു. “ഈ ഓർഡിനൻസ് കൊണ്ടുവന്ന് കേന്ദ്രം ഡൽഹിയിൽ ഒരു പരീക്ഷണം നടത്തി. ഇത് വിജയിച്ചാൽ, ബി.ജെ.പി ഇതര സംസ്ഥാനങ്ങളിൽ സമാനമായ ഓർഡിനൻസുകൾ കൊണ്ടുവരുകയും കൺകറന്‍റ് ലിസ്റ്റിലെ അധികാരം കവർന്നെടുക്കുകയും ചെയ്യും, ”ജൂണ്‍ 20ന് അയച്ച കത്തില്‍ കേജ്‍രിവാള്‍ കുറിച്ചു. ലഫ്റ്റനന്‍റ് ഗവർണർമാരും ഗവർണർമാരും മുഖേന പ്രധാനമന്ത്രി 33 സംസ്ഥാനങ്ങൾ ഭരിക്കുന്ന ദിവസം വിദൂരമല്ലെന്നും കത്തില്‍ പറയുന്നു.

വെള്ളിയാഴ്ചയാണ് ദേശീയ പ്രതിപക്ഷ നേതാക്കളുടെ യോഗം നടക്കുന്നത്. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ,എൻസിപി തലവൻ ശരദ് പവാർ,തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍, സി.പി.ഐ ജനറൽ സെക്രട്ടറി ഡി.രാജ, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ (എംഎൽ) ജനറൽ സെക്രട്ടറി ദിപങ്കർ ഭട്ടാചാര്യ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News