'നോട്ടിലെ ലക്ഷ്മീദേവിയും ഗണപതിയും' രാമക്ഷേത്ര സൗജന്യ യാത്രയും ഏറ്റില്ല; ഗുജറാത്തിൽ പാളി കെജ്‌രിവാളിന്റെ ഹിന്ദുത്വ തന്ത്രം

182 സീറ്റുകളിലും സ്ഥാനാർഥികളെ നിർത്തുകയും മുഖ്യമന്ത്രി സ്ഥാനാർഥിയെ ഉൾപ്പെടെ പ്രഖ്യാപിക്കുകയും ചെയ്തിട്ടും പ്രതീക്ഷിച്ചതിന്റെ ആറ് ശതമാനം സീറ്റുകളിൽ പോലും വിജയിക്കാൻ കെജ്‌രിവാളിന്റെ പാർട്ടിക്കായില്ല.

Update: 2022-12-08 16:29 GMT
Advertising

അഹമ്മദാബാദ്: ഗുജറാത്തിൽ ബിജെപിക്ക് സമാന്തരമായി ഹിന്ദുത്വ തന്ത്രം ഉയർത്താൻ ശ്രമിച്ച ആംആദ്മി പാർട്ടിയുടെ ശ്രമം പാളി. 1998നു ശേഷം തുടർച്ചയായി ഏഴാം തവണ ബിജെപി അധികാരത്തിലേറുന്ന സംസ്ഥാനത്ത് സമാന്തരമായി ഹിന്ദുത്വ കാർഡിറക്കി ജയിക്കാനുള്ള നീക്കമാണ് ഇത്തവണ അരവിന്ദ് കെജ്‌രിവാൾ നടത്തിയത്. സംസ്ഥാനത്ത് ഇതുവരെ ഒരു സീറ്റ് പോലും നേടാനായിട്ടില്ലെങ്കിലും 182 സീറ്റുകളിലും സ്ഥാനാർഥികളെ നിർത്തുകയും മുഖ്യമന്ത്രി സ്ഥാനാർഥിയെ ഉൾപ്പെടെ പ്രഖ്യാപിക്കുകയും ചെയ്തിട്ടും പ്രതീക്ഷിച്ചതിന്റെ ആറ് ശതമാനം സീറ്റുകളിൽ പോലും വിജയിക്കാൻ കെജ്‌രിവാളിന്റെ പാർട്ടിക്കായില്ല.

ഹിന്ദു ഭൂരിപക്ഷസംസ്ഥാനമായ ഗുജറാത്തിൽ ഹിന്ദുത്വ കാർഡിറക്കി ജയിക്കാനുള്ള തന്ത്രം പല വാഗ്ദാനങ്ങളിലൂടെ കെജ്‌രിവാൾ പയറ്റി. നോട്ടിൽ ലക്ഷ്മീദേവിയുടേയും ഗണപതിയുടേയും ചിത്രങ്ങൾ ഉൾപ്പെടുത്താൻ കേന്ദ്രത്തോട് ആവശ്യപ്പെട്ട് രംഗത്തെത്തിയതായിരുന്നു ഇതിൽ പ്രധാനം. രാജ്യം സാമ്പത്തികമായി സമൃദ്ധിയിലേക്ക് ഉയരണമെങ്കിൽ കറൻസിയിൽ മഹാത്മാഗാന്ധിയുടെ ചിത്രത്തിനൊപ്പം ലക്ഷ്മി ദേവിയുടെയും ഗണേശ ഭഗവാന്റേയും ചിത്രങ്ങളും ഉൾപ്പെടുത്തണമെന്നായിരുന്നു കെജ്രിവാൾ ആവശ്യപ്പെട്ടത്. ഇക്കാര്യമുന്നയിച്ച് കെജ്‌രിവാൾ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയയ്ക്കുകയും ചെയ്തിരുന്നു.

അയോധ്യയിൽ ബാബരി മസ്ജിദ് തകർത്തയിടത്ത് നിർമിക്കുന്ന രാമക്ഷേത്രത്തിലേക്ക് സൗജന്യമായി കൊണ്ടുപോകാം എന്നതായിരുന്നു മറ്റൊരു വാഗ്ദാനം. ബിജെപിയുടെ ബി ടീമാണ് ആംആദ്മി പാർട്ടി എന്ന് കോൺഗ്രസ് ആരോപിക്കുമ്പോഴാണ് കെജ്‌രിവാൾ ഈ ആവശ്യവും വാഗദാനവുമായി രംഗത്തെത്തിയത്.

സംസ്ഥാനത്ത് നേരിട്ടെത്തി വൻ പ്രചാരണമാണ് കെജ്‌രിവാൾ നടത്തിയത്. ബിജെപിയുടെ ഗുജറാത്ത് കോട്ട തകർക്കാൻ ലക്ഷ്യമിട്ടാണ് 182 നിയമസഭാ സീറ്റുകളിലും തങ്ങളുടെ സ്ഥാനാർഥികളെ നിർത്തിയത്. പ്രചാരണ വേളയിൽ, പാർട്ടി തങ്ങളെയും അതിന്റെ ദേശീയ കൺവീനർ കെജ്രിവാളിനെയും യഥാക്രമം ബിജെപിയുടെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും എതിരാളിയായി ഉയർത്തിക്കാട്ടി. 95 സീറ്റുകളിൽ വിജയിക്കുമെന്നായിരുന്നു കെജ്‌രിവാളിന്റെ അവകാശവാദം. എന്നാൽ അഞ്ച് സീറ്റുകൾ കൊണ്ട് ഡൽഹി മുഖ്യമന്ത്രിക്കും പാർട്ടിക്കും തൃപ്തിപ്പെടേണ്ടിവന്നു.

ഇതാദ്യമായല്ല ഗുജറാത്ത് തിരഞ്ഞെടുപ്പിൽ എഎപി മത്സരിക്കുന്നത്. 2017ൽ, പാർട്ടി അതിന്റെ അംഗത്വ മെംബർഷിപ്പ് ക്യാമ്പയിനിലൂടെ ഏകദേശം നാലു ലക്ഷം പേരെ ചേർത്തിരുന്നു. എന്നാൽ സമയം ശരിയായില്ലെന്ന് കരുതി തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടെന്ന് തീരുമാനിച്ചു. എന്നാൽ ചില എഎപി നേതാക്കൾ അവരുടെ വ്യക്തിഗത ശേഷിയിൽ മത്സരിച്ചെങ്കിലും ഭൂരിഭാഗം പേർക്കും കെട്ടിവച്ച പണം പോലും തിരിച്ചുകിട്ടിയില്ല. 1960 മുതലുള്ള ഗുജറാത്തിന്റെ ചരിത്രത്തിൽ ബിജെപിയും കോൺഗ്രസുമാണ് കൂടുതൽ കാലം അധികാരത്തിൽ ഇരുന്നിട്ടുള്ളത്.

40 സീറ്റുകളിൽ, പ്രത്യേകിച്ച് സൗരാഷ്ട്രയിലും തെക്കൻ ഗുജറാത്തിലും സ്വാധീനം ചെലുത്താൻ എഎപി ശ്രമിച്ചു. മോർബിയുടെ മുറിവുകളിലേക്ക് ആംആദ്മി പാർട്ടി ആഴത്തിൽ തുളച്ചുകയറുകയും 'സൗജന്യ രാഷ്ട്രീയം' വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടും 'കെജ്രിവാൾ തരംഗ'ത്തിന് പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനായില്ല. പല എക്‌സിറ്റ് പോളുകളും പ്രവചിച്ച കണക്കുകൾ ആംആദ്മി പാർട്ടിയുടെ കാര്യത്തിൽ സത്യമാകുന്ന കാഴ്ചയാണ് ഗുജറാത്തിൽ കണ്ടത്.

പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയും സംസ്ഥാന അധ്യക്ഷനും പോലും പരാജയപ്പെട്ടു. എഎപി സംസ്ഥാന അധ്യക്ഷൻ ഗോപാൽ ഇറ്റാലിയ കതർഗാമിലും മുഖ്യമന്ത്രി സ്ഥാനാർഥി ഇസുദാൻ ഗധ്വി ഖംബാലിയയിലും തോറ്റു. കതർഗാമിൽ 55713 വോട്ടുകളാണ് ഗോപാൽ ഇറ്റാലിയ നേടിയത്. ഖംബാലിയയിൽ 59,089 വോട്ടുകളാണ് ഇസുദാൻ ഗധ്വിക്ക് ലഭിച്ചത്. അതേസമയം, ഗുജറാത്തിൽ അഞ്ച് സീറ്റുകൾ നേടിയതിലൂടെ ദേശീയ പാർട്ടി പദവിയിലേക്ക് ഉയരാനായെന്നാണ് എഎപി അധ്യക്ഷൻ അരവിന്ദ് കെജരിവാളിന്റെ അവകാശവാദം.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News