മദ്യനയ അഴിമതി:അരവിന്ദ് കെജ്‌രിവാളിന്റെ ചോദ്യം ചെയ്യൽ തുടരുന്നു
കെജ്‌രിവാളിനെ കസ്റ്റഡിയിൽ എടുക്കാനായി സിബിഐ കോടതിയിൽ ഉടൻ അപേക്ഷ നൽകും
ന്യൂഡൽഹി:മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ചോദ്യം ചെയ്യൽ തുടരുന്നു. ബിആർഎസ് നേതാവ് കെ. കവിതയെയും കെജ്‌രിവാളിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് ഇ.ഡി തീരുമാനം. കെ കവിത ചൊവ്വാഴ്ച വരെയും കെജ്‌രിവാൾ വ്യാഴാഴ്ച വരെയുമാണ് കസ്റ്റഡിയിലുണ്ടാകുക.
എന്നാൽ ചോദ്യംചെയ്യലിനോട് പൂർണ നിസ്സഹകരണം പ്രഖ്യാപിച്ചാണ് കെജ്‌രിവാളിന്റെ നീക്കം. അറസ്റ്റും കസ്റ്റഡിയും ചോദ്യംചെയ്ത് കെജ്രിവാൾ ഇന്നലെ ഡൽഹി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹർജി ബുധനാഴ്ച മാത്രമെ പരിഗണിക്കുകയുള്ളു. നാളെ ഹോളി ആഘോഷിക്കില്ലെന്നും മറ്റന്നാൾ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയിലേക്ക് മാർച്ച് നടത്തുമെന്നുമാണ് ആം ആദ്മി പാർട്ടി പ്രഖ്യാപിച്ചിട്ടുള്ളത്. അതിനിടെ, ഇന്നലെ രാത്രി കെജ്‌രിവാളിനെ ഭാര്യ സുനിത ഇഡി ഓഫിസിൽ സന്ദർശിച്ചു.
അതേസമയം, പഞ്ചാബിലെ മദ്യനയത്തിൽ മുഖ്യമന്ത്രി ഭഗവന്ത് മന്നിനെതിരെ ഇ.ഡി അന്വേഷണം ആവശ്യപ്പെട്ട് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. ഇ.ഡി അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ബിജെപി പഞ്ചാബ് സംസ്ഥാന അധ്യക്ഷൻ സുനിൽ ഝാക്കറാണ് തെരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നൽകിയത്. പഞ്ചാബ് ഖജനാവിന് 1000 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് ആരോപണം. മദ്യ നയ അഴിമതിയുമായി ബന്ധപ്പെട്ട് അരവിന്ദ് കെജ്‌രിവാളിനെ കസ്റ്റഡിയിൽ എടുക്കാനായി സിബിഐ കോടതിയിൽ ഉടൻ അപേക്ഷ നൽകും. ഇതുമായി ബന്ധപ്പെട്ട നീക്കങ്ങൾ സിബിഐ ആരംഭിച്ചതായാണ് സൂചന.