ഇ.ഡി കസ്റ്റഡിയിൽ തന്നെ താമസിപ്പിച്ചത് ജനലോ, വെന്റിലേറ്ററോ ഇല്ലാത്ത മുറിയിലെന്ന് സഞ്ജയ് റാവത്ത്

റാവത്തിന്റെ ഭാര്യ വർഷക്കും ഇ.ഡി നോട്ടീസ് അയച്ചു. ചോദ്യം ചെയ്യലിന് എപ്പോൾ ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് വ്യക്തമല്ല.

Update: 2022-08-04 13:12 GMT
Advertising

മുംബൈ: ഇ.ഡി കസ്റ്റഡിയിൽ തന്നെ താമസിപ്പിച്ചത് ജനലോ, വെന്റിലേറ്ററോ ഇല്ലാത്ത മുറിയിലെന്ന് ശിവസേനാ എം.പി സഞ്ജയ് റാവത്ത്. മുംബൈയിലെ പ്രത്യേക കോടതിയിൽ ഹാജരാക്കിയപ്പോഴായിരുന്നു റാവത്തിന്റെ പരാതി. പത്ര ചൗൾ ഭൂമി കുംഭകോണ കേസിൽ ഞായറാഴ്ച രാത്രിയാണ് റാവത്തിനെ ഇ.ഡി കസ്റ്റഡിയിലെടുത്തത്.

എന്തെങ്കിലും പരാതിയുണ്ടോയെന്ന് കോടതി ചോദിച്ചപ്പോഴായിരുന്നു പ്രത്യേകിച്ച് ഒന്നുമില്ലെന്നും, തന്നെ താമസിപ്പിച്ചത് ജനലോ, വെന്റിലേറ്ററോ ഇല്ലാത്ത മുറിയിലാണെന്നും റാവത്ത് കോടതിയെ അറിയിച്ചത്. റാവത്തിനെ എ.സി മുറിയിലാണ് താമസിപ്പിച്ചതെന്നും അതുകൊണ്ടാണ് മുറിക്ക് ജനലോ, വെന്റിലേറ്ററോ ഇല്ലാത്തതെന്നും ഇ.ഡിക്ക് വേണ്ടി ഹാജരായ പബ്ലിക് പ്രോസിക്യൂട്ടർ ഹിതെൻ വെനെഗോകർ കോടതിയിൽ വ്യക്തമാക്കി. ആരോഗ്യപരമായ കാരണങ്ങളാൽ തനിക്ക് എ.സി ഉപയോഗിക്കാൻ പറ്റില്ലെന്നായിരുന്നു ഇതിന് റാവത്തിന്റെ മറുപടി. തുടർന്ന് റാവത്തിനെ ആവശ്യമായ വായുസഞ്ചാരമുള്ള മുറിയിലേക്ക് മാറ്റാമെന്ന് ഇ.ഡി കോടതിയെ അറിയിച്ചു.

റാവത്തിന്റെ കസ്റ്റഡി കാലാവധി കോടതി ആഗസ്ത് എട്ടുവരെ നീട്ടി. അതിനിടെ റാവത്തിന്റെ ഭാര്യ വർഷക്കും ഇ.ഡി നോട്ടീസ് അയച്ചു. പത്ര ചൗൾ ഭൂമി കുംഭകോണ കേസിൽ തന്നെയാണ് നോട്ടീസ്. ചോദ്യം ചെയ്യലിന് എപ്പോൾ ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് വ്യക്തമല്ല.

നേരത്തെ വർഷയുടെ ചില സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടിയിരുന്നു. വർഷയുടെയും സഞ്ജയ് റാവത്തിന്റെ രണ്ട് അനുയായികളുടെയും ഉൾപ്പെടെ 11 കോടി രൂപയുടെ സ്വത്താണ് കണ്ടുകെട്ടിയത്. പത്ര ചൗൾ ഭവനനിർമാണ പദ്ധതിയിലെ ക്രമക്കേടുകൾ അനുവദിച്ചതിന് റാവത്ത് കുടുംബത്തിന് ഒരു കോടി രൂപയിലധികം ലഭിച്ചെന്നാണ് ഇ.ഡിയുടെ ആരോപണം.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News