കേരള സ്റ്റോറി കാണാൻ ആളില്ല, ഒറ്റയടിക്ക് വരുമാനത്തിൽ 50 ശതമാനം കുറവ്

ഹിന്ദുത്വ സംഘടനകൾ കൂട്ടത്തോടെ ടിക്കറ്റെടുത്തിട്ടും തിയേറ്ററുകൾ നിറക്കാനായിട്ടില്ല.

Update: 2023-05-16 13:30 GMT
Editor : banuisahak | By : Web Desk
Advertising

ആവശ്യത്തിന് കാണികളും തിയേറ്ററുകളുമില്ലാതെ ബോക്സോഫീസിൽ നിരങ്ങി നീങ്ങി വിദ്വേഷ പ്രചാരണ സിനിമ 'ദി കേരള സ്റ്റോറി'. മെയ് 15ന് കളക്ഷനിൽ വൻ ഇടിവാണ് നേരിട്ടത്. ഞായറാഴ്‌ചത്തെ കളക്ഷനുമായി താരതമ്യപ്പെടുത്തുമ്പോൾ ഒറ്റദിവസം കൊണ്ട് സിനിമയുടെ വരുമാനത്തിൽ 50 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്. എന്നാൽ, ഇന്ത്യയിൽ 150 കോടിക്ക് അടുത്ത് കളക്ഷൻ നേടിയെന്നാണ് വാദം.

കേരളത്തിൽ സിനിമയുടെ സ്ഥിതി വളരെ പരിതാപകരമാണ്. രണ്ടാംവാരത്തിൽ 40 തിയറ്ററുകളിൽ പ്രദർശിപ്പിക്കാനായിരുന്നു പദ്ധതിയെങ്കിലും മൂന്നിലൊന്ന് തിയേറ്ററുകളിലേക്ക് ചിത്രം ചുരുങ്ങി. മെയ് അഞ്ചിന് ലോകവ്യാപകമായി റിലീസ് ചെയ്‌ത സിനിമ ഏതാനും തിയറ്ററുകൾ വിലയ്‌ക്കെടുത്ത് മാത്രമാണ് സംസ്ഥാനത്ത്‌ റിലീസ്‌ ചെയ്‌തത്‌.

തിയേറ്ററുകളിലേക്ക് ആളുകൾ തിരിഞ്ഞുപോലും നോക്കാതിരുന്നതോടെ പ്രദർശനം വീണ്ടും കുറഞ്ഞു. കേരളത്തിന് പുറത്ത് ജനപ്രീതി നേടുന്നുവെന്ന വ്യാജ പ്രചാരണത്തിനിടെയും കേരളത്തിൽ സിനിമ ചലനമുണ്ടാക്കാത്തത് സംഘ്പരിവാർ സംഘടനകൾക്ക് ക്ഷീണമായി. ഇതിനിടെ 'ദി റിയൽ കേരള സ്റ്റോറി' ടാഗുകളുമായി സിനിമ, രാഷ്ട്രീയ രംഗത്തെ പ്രമുഖർ രംഗത്തെത്തിയിരുന്നു.

കേരളത്തിൽ മെയ് 12 മുതൽ 18 വരെ 49 തിയേറ്ററുകളിലാണ് പ്രദർശനം തീരുമാനിച്ചിരുന്നത്. എറണാകുളം ജില്ലയിൽ മാത്രം പത്ത് തിയേറ്ററുകളാണ് ഉണ്ടായിരുന്നത്. ഇതിൽ തിങ്കളാഴ്‌ച സിനിമ പ്രദർശിപ്പിച്ചതാകട്ടെ ആകെ രണ്ട് തിയേറ്ററുകൾ മാത്രം. ഇവിടെ ആവശ്യത്തിന് ആളുകളും ഉണ്ടായിരുന്നില്ല. ഹിന്ദുത്വ സംഘടനകൾ കൂട്ടത്തോടെ ടിക്കറ്റെടുത്തിട്ടും തിയേറ്ററുകൾ നിറക്കാനായിട്ടില്ല. അതിനാൽ, വൈകാതെ തന്നെ കേരള സ്റ്റോറി തിയേറ്ററുകളോട് വിട പറയുമെന്നാണ് സൂചന. 

ഇതിനിടെ തിയറ്ററില്‍ സിനിമ കാണാന്‍ ആളില്ലാത്തതുകൊണ്ടാണ് 'കേരള സ്റ്റോറി'യുടെ പ്രദര്‍ശനം തമിഴ്നാട് നിർത്തിയിരുന്നു. അഭിനേതാക്കളുടെ മോശം പ്രകടനം കാരണമാണ് സിനിമക്ക് സ്വീകാര്യത ലഭിക്കാതെ പോയെന്നും മേയ് 7 മുതല്‍ തിയറ്റര്‍ ഉടമകള്‍ പ്രദര്‍ശനം സ്വമേധയാ നിര്‍ത്തുകയായിരുന്നുവെന്നും തമിഴ്നാട് സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞു. സിനിമക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ലെന്നും പ്രദര്‍ശനത്തിനു തയ്യാറായ തിയറ്ററുകള്‍ക്ക് സംരക്ഷണം നല്‍കിയിരുന്നുവെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. 

സുദീപ്തോ സെൻ രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിന്‍റെ ട്രെയിലർ പുറത്തുവന്നപ്പോൾ തന്നെ വ്യാപക പ്രതിഷേധമുണ്ടായി. കേരളത്തിൽനിന്ന് കാണാതായ സ്ത്രീകളെ മതപരിവർത്തനം ചെയ്ത് ഭീകരപ്രവർത്തനത്തിന് ഉപയോഗിക്കുന്നുവെന്നാണ് കേരള സ്റ്റോറിയുടെ ഇതിവൃത്തം. തീവ്രവാദ സംഘടനയായ ഐഎസിലേക്ക് ഇത്തരത്തിൽ 32,000 പെൺകുട്ടികളെ കടത്തി കൊണ്ടുപോയിട്ടുണ്ട് എന്നാണ് സിനിമയുടെ ട്രെയിലറിൽ ആരോപിച്ചത്. വിവാദങ്ങൾക്ക് പിന്നാലെ യൂട്യൂബ് വിവരണത്തിൽ മാറ്റം വരുത്തി മൂന്നു പെൺകുട്ടികളുടെ കഥ എന്നാക്കി മാറ്റിയിരുന്നു.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News