ബഫർസോൺ: റിപ്പോർട്ട് സമർപ്പിക്കാൻ കേരളം സാവകാശം തേടും

കഴിഞ്ഞ ജൂണിലാണ് ഇതു സംബന്ധിച്ച നിർദേശം സുപ്രിംകോടതി കേരളത്തിന് നൽകിയത്.

Update: 2022-12-24 10:43 GMT
Advertising

ന്യൂഡൽഹി: ബഫർസോൺ വിഷയത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ കേരളം സുപ്രിംകോടതിയിൽ സാവകാശം തേടും. സാറ്റലൈറ്റ് സർവേയ്ക്ക് പുറമെ ഭൗതിക സർവേയും നടക്കുന്നുണ്ട് എന്ന് കോടതിയെ അറിയിക്കും.

ബഫർ സോണിനകത്തെ ആവാസ വ്യവസ്ഥ, കെട്ടിടങ്ങൾ എന്നിവയെകുറിച്ചുള്ള റിപ്പോർട്ട് ആണ് കേരളം സമർപ്പിക്കേണ്ടത്. കഴിഞ്ഞ ജൂണിലാണ് ഇതു സംബന്ധിച്ച നിർദേശം സുപ്രിംകോടതി കേരളത്തിന് നൽകിയത്.

അതേസമയം, ബഫർസോൺ വിഷയത്തിൽ ജനവാസകേന്ദ്രങ്ങൾ ഒഴിവാക്കി 2021ൽ സംസ്ഥാനം കേന്ദ്ര സർക്കാരിനു സമർപ്പിച്ച ഭൂപടവും റിപ്പോർട്ടും കഴിഞ്ഞദിവസം സർക്കാർ പ്രസിദ്ധീകരിച്ചിരുന്നു. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് ഭൂപടം പ്രസിദ്ധീകരിച്ചത്‌.

സംരക്ഷിത പ്രദേശങ്ങളുടെ ഒരു കിലോമീറ്റർ പരിധിയിലെ സ്ഥാപനങ്ങൾ, വീടുകൾ, മറ്റു നിർമാണങ്ങൾ, വിവിധ പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ച് സംസ്ഥാനം തയ്യാറാക്കിയ പ്രാഥമിക റിപ്പോർട്ടാണ്‌ പ്രസിദ്ധീകരിച്ചത്‌. പഞ്ചായത്ത് തല, വില്ലേജ് തല സർവേ നമ്പർ ഉൾപ്പെടെയുള്ള നിർമിതികളുടെ വിവരങ്ങളും മാപ്പുമാണ്‌ ഇതിലുള്ളത്‌.

അതേസമയം, വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ സംരക്ഷിത ഉദ്യാനങ്ങള്‍ക്കും ചുറ്റും ഒരു കിലോമീറ്റര്‍ ബഫര്‍സോണ്‍ നിര്‍ബന്ധമാക്കിയ വിധിയില്‍ ഇളവ് തേടി സംസ്ഥാന സര്‍ക്കാർ സുപ്രിംകോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. കരട്- അന്തിമ വിജ്ഞാപനങ്ങള്‍ ഇറങ്ങിയ മേഖലകളില്‍ ബഫര്‍സോണ്‍ വിധി നടപ്പാക്കുന്നതില്‍ നിന്ന് ഇളവ് അനുവദിക്കണമെന്ന കേന്ദ്രത്തിന്റെ ആവശ്യത്തെ പിന്തുണച്ചാണ് കേരളത്തിന്റെ നീക്കം.

ബഫര്‍സോണ്‍ നിര്‍ബന്ധമാക്കിയ ജൂണ്‍ മൂന്നിലെ ഉത്തരവ് പരിഷ്‌കരിച്ച്, ഭേദഗതി ചെയ്യണെമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ അപേക്ഷ ജനുവരി 11ന് പരിഗണിക്കുമെന്ന് സുപ്രികോടതി വ്യക്തമാക്കിയിട്ടുണ്ട്. കരട്- അന്തിമ വിജ്ഞാപനങ്ങള്‍ ഇറങ്ങിയ മേഖലകള്‍ക്ക് പുറമെ, സര്‍ക്കാരിന്റെ പരിഗണനയില്‍ ഇരിക്കുന്ന വിജ്ഞാപനങ്ങള്‍ ഉള്‍പ്പെടുന്ന മേഖലകള്‍ക്ക് കൂടി ഇളവ് അനുവദിക്കണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News