ഖലിസ്ഥാൻ നേതാവ് അമൃത്പാൽ സിങ് അറസ്റ്റിൽ

സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി പഞ്ചാബിൽ മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി

Update: 2023-03-18 11:38 GMT
Advertising

അമൃത്സർ:ഖലിസ്ഥാൻ നേതാവും 'വാരിസ് പഞ്ചാബ് ദേ'യുടെ തലവനുമായ അമൃത് പാൽ സിങ് അറസ്റ്റിൽ. അമൃത് പാലിന്റെ അനുയായികളെയും പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി സംസ്ഥാനത്തെ മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി.

രൂപ്‌നഗർ ജില്ലയിൽ വരീന്ദർ സിങ് എന്നതാളെ തട്ടിക്കൊണ്ടുപോയി മർദിച്ചു എന്ന കേസിലാണ് നിലവിൽ അമൃത്പാൽ സിങ്ങിന്റെ അറസ്റ്റ്. എന്നാൽ പഞ്ചാബ് പൊലീസിനെ കുറേ നാളുകളായി വലയ്ക്കുന്ന, നിരവധി കേസുകളിലെ പ്രതിയാണ് ഇയാൾ. ഈ വർഷം ഫെബ്രുവരിയിൽ അമൃത്പാലിന്റെ അനുയായിയായ ലോക്പ്രീത് തൂഫാനെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഇതിന് പിന്നാലെ അജ്‌നാല പൊലീസ് സ്റ്റേഷനിലേക്ക് ഇയാളുടെ മറ്റ് അനുയായികൾ കൂട്ടമായെത്തുകയും സ്റ്റേഷൻ ആക്രമിക്കുകയും ചെയ്തു.

സംസ്ഥാനത്ത് 800 പേർക്ക് ആയുധം കൈവശം വയ്ക്കാൻ അനുമതി നൽകിയിരുന്ന ഉത്തരവ് ഈ സംഭവത്തിന് പിന്നാലെ കേന്ദ്ര സർക്കാർ ഇടപെട്ട് റദ്ദാക്കി. ഈ സംഭവങ്ങളോടെ മന്ത്രിമാരെയുൾപ്പടെ അമൃത്പാൽ സിങ് നിരന്തരം ഭീഷണിപ്പെടുത്താനാരംഭിച്ചിരുന്നു. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വിധിയുണ്ടാവുമെന്നായിരുന്നു ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് അമൃത്പാലിന്റെ ഭീഷണി. ഈ സംഭവങ്ങൾക്കെല്ലാം പിന്നാലെയാണ് ഇന്ന് ഇയാളെ പിടികൂടാൻ പൊലീസ് വൻ സന്നാഹമൊരുക്കിയത്. ജലന്ധറിൽ വെച്ച് അറസ്റ്റ് ചെയ്യാനായിരുന്നു നീക്കമെങ്കിലും ഇത് പരാജയപ്പെട്ടു.

അമൃത്പാലിന്റെ കുതിരപ്പടയിലേക്ക് ഇരച്ചു കയറിയ പൊലീസിന് പക്ഷേ ഇയാളെ പിടികൂടാനായില്ല. പിന്നീട് അമൃത്സറിലും പൊലീസ് വൻ സന്നാഹമൊരുക്കി. നാടകീയ നിമിഷങ്ങളൾക്കൊടുവിൽ ജലന്ധറിന് സമീപത്തെ നഖോദാർ മേഖലയിൽ നിന്ന് ഇയാൾ പിടിയിലാവുകയായിരുന്നു. ലോക്പ്രീതിനെ അറസ്റ്റ് ചെയ്തപ്പോഴുണ്ടായ പ്രത്യഖ്യാതങ്ങൾ കണക്കിലെടുത്താണ് സംസ്ഥാനത്തെ മൊബൈൽ,ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കിയത്. ഇത് കൂടാതെ ജലന്ധറിലും അമൃത്സറിലും കനത്ത സുരക്ഷയും പൊലീസ് ഒരുക്കിയിട്ടുണ്ട്.

Full View

സുരക്ഷാപ്രശ്‌നങ്ങൾ കണക്കിലെടുത്ത് അമൃത്പാലിന്റെ അറസ്റ്റിനോടനുബന്ധിച്ച കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തു വിട്ടിട്ടില്ല.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News