മദ്യനയക്കേസിൽ കെജ്രിവാൾ നാളെ സിബിഐയ്ക്ക് മുമ്പിൽ; ഖാർഗെയുമായി ഫോണിൽ സംസാരിച്ചു

ഡൽഹി മദ്യനയ കേസിന് പ്രേരണ രാഷ്ട്രീയ വേട്ടയാടലാണെന്നാണ് അരവിന്ദ് കെജ്രിവാൾ ആരോപിക്കുന്നത്

Update: 2023-04-15 09:58 GMT
Advertising

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി തലവനുമായ അരവിന്ദ് കെജ്രിവാളുമായി ഫോണിൽ സംസാരിച്ചു. മദ്യനയക്കേസിൽ കെജ്രിവാളിനോട് സിബിഐ നാളെ ഹാജരാവാൻ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ഇരുനേതാക്കളും തമ്മിൽ സംസാരിച്ചത്.

അതേസമയം, കേസിൽ കേന്ദ്ര സർക്കാരിനും അന്വേഷണ ഏജൻസികൾക്കുമെതിരെ കെജ്രിവാൾ ആഞ്ഞടിച്ചു. തന്റെ പേര് പറയിപ്പിക്കാൻ അന്വേഷണ ഏജൻസികൾ കസ്റ്റഡിയിൽ എടുക്കുന്നവരെ ക്രൂര പീഡനത്തിന് ഇരയാക്കുകയാണെന്നാണ് അരവിന്ദ് കെജ്രിവാളിന്റെ ആരോപണം. എന്നാൽ അന്വേഷണം നേരിടാൻ കെജ്രിവാൾ ഭയപ്പെടുന്നുവെന്ന് ബിജെപിയും കുറ്റപ്പെടുത്തി.

ഡൽഹി മദ്യനയ കേസിന് പ്രേരണ രാഷ്ട്രീയ വേട്ടയാടലാണെന്നാണ് അരവിന്ദ് കെജ്രിവാൾ ആരോപിക്കുന്നത്. അഴിമതിയിൽ മുങ്ങിക്കുളിച്ച പ്രധാനമന്ത്രിക്ക് തന്നെ അഴിമതിക്കാരനെന്ന് എങ്ങനെ വിളിക്കാൻ കഴിയുമെന്നും കെജ്രിവാൾ ചോദിച്ചു. കോടതിയെ തെറ്റിദ്ധരിപ്പിക്കുന്ന ഇഡിയും സിബിഐയും തന്റെ പേര് പറയിക്കാൻ, കസ്റ്റഡിയിൽ എടുക്കുന്നവരെ ക്രൂരമായി മർദ്ദിക്കുന്നുവെന്നും കെജ്രിവാൾ ആരോപിച്ചു.

അഴിമതിയിലൂടെ ലഭിച്ച 100 കോടി രൂപ താൻ ഗോവ തെരഞ്ഞെടുപ്പിന് ഉപയോഗിച്ചെന്ന ആരോപണവും കെജ്രിവാൾ നിഷേധിച്ചു. നാളെ രാവിലെ 11 മണിക്ക് ആണ് അരവിന്ദ് കെജ്രിവാളിനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ സിബിഐ ആവശ്യപ്പെട്ടിരിക്കുന്നത്. ചോദ്യം ചെയ്യലിന് താൻ ഹാജരാകുമെന്നും അരവിന്ദ് കെജ്രിവാൾ വ്യക്തമാക്കി.

അതേസമയം മദ്യനയ കേസിൽ ആംആദ്മി പാർട്ടിയെ കടന്നാക്രമിക്കുന്നത് ബിജെപി തുടരുകയാണ്. ചോദ്യം ചെയ്യലിനെ കെജ്രിവാൾ ഭയപ്പെടുന്നത് തെറ്റ് ചെയ്തത് കൊണ്ടാണെന്ന് ബിജെപി ആരോപിച്ചു. തെറ്റ് ചെയ്തിട്ടില്ലെങ്കിൽ എന്ത് കൊണ്ട് കോടതിയെ സമീപിക്കുന്നില്ലെന്നും ബിജെപി ചോദ്യം ഉന്നയിച്ചു.

Congress president Mallikarjun Kharge spoke to Delhi Chief Minister and Aam Aadmi Party chief Arvind Kejriwal on phone.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News