ഖാർഗെ 26ന് ചുമതലയേൽക്കും; വസതിയിലേക്ക് സന്ദർശകരുടെ ഒഴുക്ക്
വിജയിയായതിന്റെ സർട്ടിഫിക്കറ്റ് തെരെഞ്ഞടുപ്പ് അതോറിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രി ഖാർഗെയ്ക്ക് കൈമാറും.
ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷനായി മല്ലികാർജുൻ ഖാർഗെ ഈ മാസം 26ന് ചുമതലയേൽക്കും. എ.ഐ.സി.സി ആസ്ഥാനത്തായിരിക്കും ഔദ്യോഗിക പരിപാടികൾ. ഇവിടെ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ ചുമതല ഏൽക്കാമെന്നാണ് പ്രാഥമിക ധാരണ. മത്സരത്തിൽ വിജയിയായതിന്റെ സർട്ടിഫിക്കറ്റ് തെരെഞ്ഞടുപ്പ് അതോറിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രി ഖാർഗെയ്ക്ക് കൈമാറും.
പുതിയ അധ്യക്ഷൻ ചുമതല ഏറ്റാലുടൻ എ.ഐ.സി.സി പ്ലീനറി സെഷൻ വിളിച്ചുചേർക്കണം. നിയമസഭ തെരെഞ്ഞെടുപ്പുകളുടെ പേരിലാണെങ്കിൽ പോലും അധിക നാൾ നീട്ടിക്കൊണ്ടു പോകാനാവില്ല. ഈ സമ്മേളനത്തിലാണ് പുതിയ 22 വർക്കിങ് കമ്മിറ്റി അംഗങ്ങളെ തെരെഞ്ഞെടുക്കേണ്ടത്.
11 പേരെ വോട്ടെടുപ്പിലൂടെയും ബാക്കിയുള്ളവരെ പ്രസിഡന്റ് നോമിനേറ്റ് ചെയ്യുകയുമാണ് വേണ്ടത്. പ്രവർത്തക സമിതിയിലേക്ക് തെരെഞ്ഞെടുപ്പ് വേണമെന്ന് ശശി തരൂർ ആവശ്യപ്പെട്ട് കഴിഞ്ഞു. ഈ ആവശ്യം അംഗീകരിച്ചാൽ ശക്തനായ അധ്യക്ഷൻ എന്ന പേരിന് മല്ലികാർജുൻ ഖാർഗെ അർഹനാകുമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
അതേസമയം, ഖാർഗെയുടെ വസതിയിലേക്ക് സന്ദർശകരുടെ ഒഴുക്കാണ്. ഡൽഹി രാജാജി റോഡിലെ പത്താം നമ്പർ വസതി സന്ദർശക തിരക്കിൽ വീർപ്പുമുട്ടി നിൽക്കുകയാണ്. മല്ലികാർജുൻ ഖാർഗെയെ നേരിൽക്കണ്ട് അഭിനന്ദിക്കാനാണ് ഈ ഒഴുക്ക്. ആദ്യ ലീഡ് നില ഇന്നലെ പുറത്തു വന്നപ്പോൾ മുതൽ നേതാക്കൾ എത്തിയിരുന്നു.