ജാമ്യം റദ്ദാക്കണം; ജയിലില്‍ തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട് കൊലക്കേസ് പ്രതി കോടതിയില്‍
തന്‍റെ ക്രിമിനില്‍ പശ്ചാത്തലം മൂലം ജോലിയോ താമസിക്കാന്‍ ഇടമോ ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതി കോടതിയെ സമീപിച്ചത്
മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയുടെ അവധിക്കാല വസതിയായ കൊടനാട് എസ്റ്റേറ്റില്‍ കൊള്ളയും കൊലപാതകവും നടത്തിയ കേസിലെ പ്രതി മനോജ് ജാമ്യം റദ്ദാക്കി ജയിലില്‍ തന്നെ തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. തന്‍റെ ക്രിമിനില്‍ പശ്ചാത്തലം മൂലം ജോലിയോ താമസിക്കാന്‍ ഇടമോ ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതി കോടതിയെ സമീപിച്ചത്.
കേസിലെ രണ്ടാം പ്രതിയായ മനോജ് നവംബർ 25 മുതൽ ജാമ്യത്തിലാണെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകൻ എം.മുനിരത്നം പറഞ്ഞു. ഉദഗമണ്ഡലം വിട്ടു പോകരുതെന്നും എല്ലാ തിങ്കളാഴ്ചയും കോടതിയിലെത്തി രജിസ്റ്ററില്‍ ഒപ്പുവയ്ക്കണമെന്നുമുള്ള ഉപാധികളോടെ ആയിരുന്നു ജാമ്യം അനുവദിച്ചത്. ജാമ്യ വ്യവസ്ഥകൾ പാലിക്കാൻ സാധിക്കാത്തതിനാൽ തിരികെ ജയിലിലേക്ക് കൊണ്ടുപോകണമെന്നാണ് ജില്ലാ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ഹരജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. തനിക്ക് ജോലിയോ ശരിയായ താമസസൗകര്യമോ കിട്ടുന്നില്ലെന്നും ഹോട്ടലുകളും ഗസ്റ്റ് ഹൗസുകളും താമസിക്കാൻ മുറികൾ നൽകാൻ മടിക്കുന്നതായും പ്രതി പറഞ്ഞു. തന്‍റെ ആരോഗ്യനില മോശമായതിനാൽ തിരികെ ജയിലിലേക്ക് കൊണ്ടുപോകണമെന്നും പ്രതി ആവശ്യപ്പെടുന്നു. ഹരജി വ്യാഴാഴ്ച പരിഗണിക്കും.