കൊൽക്കത്തയിലെ യുവ ഡോക്ടറുടെ പീഡനക്കൊല: സുപ്രിംകോടതിയെ സമീപിച്ച് റെസിഡന്‍റ് ഡോക്ടർമാരുടെ സംഘടന
ബംഗാൾ ഗവർണർ സി.വി ആനന്ദബോസ് ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കാണും
ന്യൂഡൽഹി: കൊൽക്കത്തയിലെ യുവ വനിതാ ഡോക്ടറുടെ പീഡനക്കൊലയിൽ റെസിഡന്റ് ഡോക്ടർമാരുടെ സംഘടന സുപ്രിംകോടതിയിൽ. കോടതി സ്വമേധയാ എടുത്ത കേസിൽ കക്ഷിചേരാൻ സംഘടന അപേക്ഷ നൽകി. അതിനിടെ, ആർ.ജി കാർ ആശുപത്രി മുൻ പ്രിൻസിപ്പല്‍ സന്ദീപ്ഘോഷിനെതിരെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രിൻസിപ്പലായിരുന്ന കാലത്തെ സാമ്പത്തിക ക്രമക്കേട് അന്വേഷിക്കും.
ഡോക്ടർമാരുടെ സുരക്ഷയ്ക്കായി കോടതി മാർഗനിർദേശം പുറപ്പെടുവിക്കണമെന്നാണ് റെസിഡന്റ് ഡോക്ടർമാരുടെ സംഘടന സുപ്രിംകോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ആർ.ജി കാർ മെഡിക്കൽ കോളജിലെ ബലാത്സംഗ കൊലപാതകത്തിൽ ഞായറാഴ്ച സുപ്രിംകോടതി സ്വമേധയാ കേസെടുത്തിരുന്നു. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് സംഭവത്തിൽ ഹരജികൾ പരിഗണിക്കുന്നത്. കേസ് ഇന്ന് സുപ്രിംകോടതി പരിഗണിക്കും.
അതിനിടെ, സംഭവത്തിൽ രാജ്യവ്യാപക പ്രതിഷേധം തുടരുകയാണ്. പോസ്റ്റ്‌മോർട്ടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നതോടെ ഡൽഹിയിൽ ആരോഗ്യമന്ത്രാലയത്തിനു മുന്നിലെ സമരവും ശക്തിയാർജ്ജിക്കുകയാണ്. മഹാരാഷ്ട്രയിൽ റെസിഡന്റ് ഡോക്ടർമാരുടെ സമരം തുടരുന്നു.
ബംഗാൾ ഗവർണർ സി.വി ആനന്ദബോസ് ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കാണും. പ്രതിയുടെ പോളിഗ്രാഫ് ടെസ്റ്റ് നടത്തി കൂടുതൽ ശാസ്ത്രീയ തെളിവുകൾ തേടുകയാണ് സി.ബി.ഐ സംഘം.
Summary: Association of resident doctors approaches the Supreme Court in the Kolkata doctor rape-murder case