കെ.ടി ജലീലിന്റെ വിവാദ കശ്മീർ പരാമർശം: ഡൽഹി പൊലീസ് ഇന്ന് റിപ്പോർട്ട് നൽകും; കേസ് എടുക്കണമെന്ന് നിയമോപദേശം
കേസ് ഇന്ന് വീണ്ടും പരിഗണിക്കും
ഡൽഹി: കെ.ടി ജലീലിനെതിരായ പരാതിയിൽ ഡൽഹി പൊലീസ് ഇന്ന് ഡൽഹി റോസ് അവന്യു കോടതി റിപ്പോർട്ട് സമർപ്പിക്കും. വിവാദ കാശ്മീർ പരാമർശത്തിന്റെ പേരിൽ കേസുമായി മുന്നോട്ടു പോകുന്ന കാര്യത്തിൽ അഡീഷ്ണൽ ചീഫ് മജിസ്ട്രേറ്റ് ഹർജീത് സിങ് ജസ്പാലിന്റെ മുമ്പാകെയാണ് റിപ്പോർട്ട് സമർപ്പിക്കേണ്ടത്.
വിവാദ കാശ്മീർ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ കേസ് എടുക്കണമെന്ന് ഡൽഹി പൊലീസിന് അഡ്വ.ജി.എസ്.മണി പരാതി നൽകിയിരുന്നു. എഫ്.ഐ.ആർ. ഇടാതിരുന്നതിനെ തുടർന്ന് ഹരജിക്കാരൻ കോടതിയിൽ ഹരജി നൽകുകയായിരുന്നു. കേസ് ഇന്ന് വീണ്ടും പരിഗണിക്കും.
പാക് അധീന കശ്മീരിനെ 'ആസാദ് കശ്മീരെ'ന്ന് വിശേഷിപ്പിച്ച ഫെയ്സ്ബുക്ക് കുറിപ്പായിരുന്നു വിവാദത്തിനാധാരം. ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതോടെ ജലീലിനെതിരേ ബി.ജെ.പി. അടക്കമുള്ളവർ രാജ്യദ്രോഹ ആരോപണം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. വിവാദത്തിന് പിന്നാലെ വിശദീകരണവുമായി കെ.ടി. ജലീൽ രംഗത്തെത്തിയിരുന്നു. കുറിപ്പിലെ വിവാദ പരാമർശങ്ങൾ പിൻവലിക്കുന്നതായി കെ.ടി ജലീൽ അറിയിച്ചത്. കുറിപ്പിലെ പരാമർശങ്ങൾ തെറ്റിദ്ധാരണകൾക്ക് ഇടവരുത്തിയത് ശ്രദ്ധയിൽപ്പെട്ടെന്നും ദുര്‍വ്യാഖ്യാനം ചെയ്ത കുറിപ്പിലെ വരികൾ പിൻവിക്കുന്നുവെന്നുമായിരുന്നു ജലീലിന്റെ പ്രതികരണം.