'എക്സിറ്റ് പോളില്‍ വിശ്വാസമില്ല': കുമാരസ്വാമി സിംഗപ്പൂരില്‍ നിന്ന് തിരിച്ചെത്തി
'ഞങ്ങള്‍ ഇതിനകം തീരുമാനിച്ചിട്ടുണ്ട്. ഞാനത് ജനങ്ങള്‍ക്കു വിടുന്നു'
ബെംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഇന്ന് വരാനിരിക്കെ ജെ.ഡി.എസ് നേതാവ് എച്ച്.ഡി കുമാരസ്വാമി സിംഗപ്പൂരില്‍ നിന്ന് തിരിച്ചെത്തി. ജെ.പി നഗറിലെ വീട്ടിലാണ് കുമാരസ്വാമിയുള്ളത്. പതിവുവൈദ്യ പരിശോധനയ്ക്കായാണ് കുമാരസ്വാമി സിംഗപ്പൂരില്‍ പോയതെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞത്. എക്സിറ്റ് പോള്‍ പ്രവചനം യാഥാര്‍ഥ്യമായാല്‍ ആരു ഭരിക്കണമെന്ന് ജെ.ഡി.എസ് തീരുമാനിക്കും.
എന്നാല്‍ എക്‌സിറ്റ് പോൾ ഫലങ്ങളിൽ വിശ്വാസമില്ലെന്നും ഫലം പുറത്തുവരുന്നത് വരെ കാത്തിരിക്കുമെന്നും കുമാരസ്വാമി പറഞ്ഞു- "എക്‌സിറ്റ് പോളുകളെ വിശ്വസിക്കരുത്. ഫലം പുറത്തുവരുമ്പോൾ എന്ത് സംഭവിക്കുമെന്ന് ഞങ്ങൾ കാത്തിരുന്ന് കാണും. ഞങ്ങള്‍ ഇതിനകം തീരുമാനിച്ചിട്ടുണ്ട്. ഞാനത് ജനങ്ങള്‍ക്കു വിടുന്നു".
കോണ്‍ഗ്രസും ബി.ജെ.പിയും തങ്ങളെ സമീപിച്ചെന്ന് ജെ.ഡി.എസ് മുതിര്‍ന്ന നേതാവ് തൻവീർ അഹമ്മദ് അവകാശപ്പെട്ടു- "തീരുമാനമെടുത്തിട്ടുണ്ട്. സമയമാകുമ്പോൾ ഞങ്ങളത് ജനങ്ങളെ അറിയിക്കും"- തൻവീർ അഹമ്മദ് പറഞ്ഞു.
അതേസമയം ജെ.ഡി.എസിനെ സമീപിച്ചിട്ടില്ലെന്നാണ് ബി.ജെ.പിയുടെ വിശദീകരണം. ജനവിധി ബി.ജെ.പിക്ക് അനുകൂലമായിരിക്കുമെന്നും വീണ്ടും സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ബി.ജെ.പി നേതാവ് ശോഭ കരന്തലജെ അവകാശപ്പെട്ടു- "സഖ്യത്തിന്റെ ആവശ്യമില്ല. ബി.ജെ.പി ജെ.ഡി.എസുമായി ബന്ധപ്പെട്ടിട്ടില്ല. ഞങ്ങൾക്ക് 120 സീറ്റുകളില്‍ വിജയം ഉറപ്പാണ്."
എന്നാല്‍ ബി.ജെ.പി സമീപിച്ചെന്ന് ജെ.ഡി.എസ് നേതാക്കള്‍ ആവര്‍ത്തിച്ചു- "അതെ, ബി.ജെ.പിയും കോണ്‍ഗ്രസും ഞങ്ങളെ സമീപിക്കാന്‍ ശ്രമിച്ചു. പാർട്ടികൾ ഞങ്ങളെ സമീപിക്കാൻ ആഗ്രഹിക്കുന്ന ഒരു അവസ്ഥയിലാണ് ജെ.ഡി.എസ് ഇന്നുള്ളത്"- തൻവീർ അഹമ്മദ് പറഞ്ഞു. ഏത് പാർട്ടിക്കൊപ്പം നില്‍ക്കുമെന്ന ചോദ്യത്തിന് കർണാടകയുടെയും കന്നഡക്കാരുടെയും ഉന്നമനത്തിനായി പ്രവർത്തിക്കുന്നവർക്ക് പിന്തുണ എന്നായിരുന്നു മറുപടി.
ജെ.ഡി.എസ് എത്ര സീറ്റുകളില്‍ വിജയിക്കുമെന്ന ചോദ്യത്തിന് മറുപടിയിങ്ങനെ- "ഞങ്ങളില്ലാതെ ആർക്കും സർക്കാർ രൂപീകരിക്കാൻ കഴിയില്ല. അത് നല്ലൊരു സംഖ്യയാണെന്ന് ഞാൻ കരുതുന്നു. ഞങ്ങള്‍ ദുര്‍ബലമായിരുന്നു. പക്ഷേ സർക്കാരിന്റെ ഭാഗമാകാൻ ഞങ്ങൾ മതിയായ പ്രകടനം നടത്തിയെന്ന് ഞങ്ങൾക്കറിയാം".
ഇഞ്ചോടിഞ്ച് പോരാട്ടമാണ് മിക്ക എക്സിറ്റ് പോളുകളും കര്‍ണാടകയില്‍ പ്രവചിച്ചത്. സീറ്റുകളുടെ എണ്ണത്തില്‍ നേരിയ മുന്‍തൂക്കം കോണ്‍ഗ്രസിനാണെന്നും എക്സിറ്റ് പോളുകള്‍ പറയുന്നു. എന്നാല്‍ ഇന്ത്യാടുഡെ ഉള്‍പ്പെടെ മൂന്ന് എക്സിറ്റ് പോളുകള്‍ കേവല ഭൂരിപക്ഷം നേടി കോണ്‍ഗ്രസ് അധികാരത്തില്‍ എത്തുമെന്നാണ് പ്രവചിച്ചത്.