ലഖിംപൂർ കേസ്; യുപി സർക്കാരിന് സുപ്രീംകോടതിയുടെ വിമർശം
പ്രതിയായ ആശിഷ് മിശ്രയുടെ ജാമ്യത്തിനെതിരെ ഹരജി ഫയൽ ചെയ്യാൻ വൈകിയതിനാണ് കോടതി സർക്കാരിനെ വിമർശിച്ചത്
ഡല്‍ഹി: ലഖിംപൂർ ഖേരി കൊലപാതക കേസിൽ യുപി സർക്കാരിന് സുപ്രീംകോടതി വിമർശനം. പ്രതി ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കാൻ സർക്കാർ എന്തുകൊണ്ട് അപ്പീൽ നൽകിയില്ലെന്ന് കോടതി ചോദിച്ചു. അപ്പീൽ നൽകണമെന്ന് നിർദേശിച്ച് രണ്ട് തവണ സർക്കാരിന് കത്ത് നൽകിയതായി അന്വേഷണ സംഘത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചു. എന്നാൽ ആശിഷ് മിശ്ര രാജ്യം വിടാൻ സാധ്യത ഇല്ലാത്തതു കൊണ്ടാണ് അപ്പീൽ നൽകാത്തതെന്നാണ് യു.പി സർക്കാരിന്‍റെ വാദം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ഹരജി പിന്നീട് വിധി പറയാൻ മാറ്റി.
ഫെബ്രുവരി 10നാണ് ആശിഷ് മിശ്രക്ക് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. നേരത്തെ മിശ്രയുടെ ജാമ്യത്തിനെതിരായി സമർപ്പിച്ച ഹരജിയിൽ സുപ്രീംകോടതി സര്‍ക്കാരിന് നോട്ടീസ് അയച്ചിരുന്നു. ആശിഷ് മിശ്രക്ക് ജാമ്യം നൽകിയ അലഹബാദ് ഹൈക്കോടതി ഉത്തരവിനെ എതിർത്തിരുന്നെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. ഇയാൾക്ക് വിഐപി പരിഗണന നൽകി ജാമ്യത്തിൽ വിട്ടെന്നും കേസിലെ ദൃക്‌സാക്ഷികൾക്ക് സർക്കാർ സംരക്ഷണം നൽകുന്നില്ലെന്നും കർഷകർ സുപ്രീംകോടതിയിൽ നൽകിയ ഹരജിയിൽ കുറ്റപ്പെടുത്തിയിരുന്നു. തുടർന്ന് മാർച്ച് 16ന് ഉത്തർപ്രദേശ് സർക്കാരിന് സുപ്രീംകോടതി നോട്ടീസയക്കുകയായിരുന്നു.