ലഖിംപൂർ; കോൺഗ്രസ് സംഘം ഇന്ന് രാഷ്ട്രപതിയെ കാണും
അജയ്മിശ്ര മന്ത്രി സ്ഥാനത്ത് തുടരുന്നതിലെ അതൃപ്തി രാഷ്ട്രപതിയെ ധരിപ്പിക്കും
ലഖിംപൂർ കർഷകകൊലപാതകത്തിൽ നീതി തേടി രാഹുൽ ഗാന്ധിയടക്കമുള്ള കോൺഗ്രസ് സംഘം ഇന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ കാണും. അജയ്മിശ്ര മന്ത്രി സ്ഥാനത്ത് തുടരുന്നതിലെ അതൃപ്തി രാഷ്ട്രപതിയെ ധരിപ്പിക്കും. രാവിലെ 11.30 നാണ് കൂടിക്കാഴ്ച. രാഹുലിന് പുറമേ ആറ് നേതാക്കൾ നേതാക്കൾ കോൺഗ്രസ് സംഘത്തിലുണ്ടാകും. പ്രിയങ്ക ഗാന്ധി, കെ.സി വേണുഗോപാൽ, എ.കെ. ആൻറണി, ഗുലാം നബി ആസാദ്, അധിർ രഞ്ജൻ ചൗധരി, മല്ലികാർജുൻ ഖാർഗെ എന്നിവരടങ്ങുന്ന സംഘം നടപടി ആവശ്യപ്പെട്ട് നിവേദനം സമർപ്പിക്കും.
ഇതിനിടെ, ലഖിംപൂർ ഖേരിയിലെ കർഷക കൊലപാതകത്തിൽ അറസ്റ്റിലായവരുടെ എണ്ണം നാലായിട്ടുണ്ട്. കർഷക പ്രതിഷേധത്തിലേക്ക് വാഹനമിടിച്ചു കയറ്റിയതിനെ തുടർന്നുണ്ടായ സംഭവത്തിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയടക്കമുള്ളവർ അറസ്റ്റിലായിരുന്നു. എന്നാൽ അജയ് മിശ്ര സ്ഥാനത്ത് തുടരുകയാണ്. ഇതിൽ നീതി തേടിയാണ് കോൺഗ്രസ് സംഘം രാഷ്ട്രപതിയെ കാണുന്നത്.