വോട്ടിന് കോഴ: സാമാജികർക്ക് പാർലമെന്ററി പരിരക്ഷയുണ്ടാവില്ലെന്ന് സുപ്രിംകോടതി

കൈക്കൂലി വാങ്ങുന്നത് കുറ്റകൃത്യമാണെന്നും അതിന് ജനപ്രതിനിധി എന്ന നിലയിൽ പരിരക്ഷ അവകാശപ്പെടാൻ കഴിയില്ലെന്നും സുപ്രിംകോടതി വ്യക്തമാക്കി

Update: 2024-03-04 08:01 GMT
Advertising

ന്യൂഡൽഹി: പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും വോട്ട് ചെയ്യാൻ കോഴ വാങ്ങുന്ന എം.പിമാർക്കും എം.എൽ.എമാർക്കും പാർലമെന്ററി പരിരക്ഷയുണ്ടാവില്ലെന്ന് സുപ്രിംകോടതി. വോട്ടിന് കോഴ വാങ്ങുന്ന ജനപ്രതിനിധികൾ അഴിമതി നിരോധന നിയമപ്രകാരമുള്ള കേസിൽ വിചാരണ നേരിടണം. രാഷ്ട്രപതി, രാജ്യസഭാ തെരഞ്ഞെടുപ്പുകളിൽ പണം വാങ്ങി വോട്ട് ചെയ്യുന്നവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യാവുന്നതാണെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢിന്റെ നേതൃത്വത്തിലുള്ള ഏഴംഗ ഭരണഘടനാ ബെഞ്ച് വിധിച്ചു.

2012ലെ രാജ്യസഭാ തെരഞ്ഞെടുപ്പുകളിൽ പണം വാങ്ങി വോട്ട് ചെയ്ത കേസിൽ 98-ലെ സുപ്രിംകോടതി വിധിപ്രകാരം തന്നെ കുറ്റവിമുക്തയാക്കണമെന്ന് ആവശ്യപ്പെട്ട് ജെ.എം.എം നേതാവ് ഷിബു സോറന്റെ മരുമകൾ സീത സോറൻ സമർപ്പിച്ച ഹരജിയിലാണ് സുപ്രിംകോടതി ഉത്തരവ്. വോട്ടിന് കോഴ വാങ്ങിയ കുറ്റത്തിന് ജനപ്രതിനിധികളെ വിചാരണയിൽനിന്ന് ഒഴിവാക്കി 1998ൽ സുപ്രിംകോടതിയുടെ അഞ്ചംഗ ബെഞ്ച് വിധി പുറപ്പെടുവിച്ചിരുന്നു. ഇത് റദ്ദാക്കിയാണ് പുതിയ ഉത്തരവ്.

കൈക്കൂലി വാങ്ങുന്നത് കുറ്റകൃത്യമാണെന്നും അതിന് ജനപ്രതിനിധി എന്ന നിലയിൽ പരിരക്ഷ അവകാശപ്പെടാൻ കഴിയില്ലെന്നും സുപ്രിംകോടതി വ്യക്തമാക്കി. ഭരണഘടനയുടെ 105(2), 194 (2) എന്നീ വകുപ്പുകൾ പ്രകാരമുള്ള പരിരക്ഷ ഈ കുറ്റകൃത്യത്തിൽ ഏർപ്പെടുന്ന ജനപ്രതിനിധികൾക്ക് അവകാശപ്പെടാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News