'നേതാക്കള്‍ ബിജെപിയില്‍ ചേരുന്നത് സ്‌നേഹം കൊണ്ടല്ല, കാരണം ഇ.ഡിയടക്കമുള്ള കേന്ദ്ര ഏജന്‍സികള്‍': സുപ്രിയ സുലെ
സുപ്രിയ സുലെക്ക് എതിര്‍ സ്ഥാനാര്‍ഥിയായി അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാര്‍ രംഗത്ത് വന്നാല്‍ പവാര്‍ കുടുംബത്തിന്റെ ഏറ്റുമുട്ടലിനായിരിക്കും മണ്ഡലം സാക്ഷ്യം വഹിക്കുക
ഡല്‍ഹി: പ്രതിപക്ഷ പാര്‍ട്ടികളിലെ നേതാക്കള്‍ ബിജെപിയിലേക്ക് പോകുന്നത് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കാരണമെന്ന് എന്‍.സി.പി നേതാവ് സുപ്രിയ സുലെ എം.പി. പ്രതിപക്ഷ പാര്‍ട്ടിയിലെ നേതാക്കള്‍ ബി.ജെ.പിയിലേക്ക് പോകുന്നത് അവരുടെ പ്രത്യയശാസ്ത്രത്തില്‍ ആകൃഷ്ടരായോ താല്പര്യമുള്ളതുകൊണ്ടോ അല്ല മറിച്ച് ഇന്‍കം ടാക്‌സ്, സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നിവ കാരണമാണ് സുപ്രിയ സുലെ പറഞ്ഞു.
'ജനാധിപത്യം ഹനിക്കപ്പെടുകയാണ്. ബി.ജെ.പിയിലേക്ക് പോയവര്‍ സ്‌നേഹം കൊണ്ടല്ല അവിടേക്ക് പോയത്. ഇന്‍കം ടാക്‌സ്, സിബിഐ, ഇ.ഡി എന്നിവ കാരണമാണ് പോയത്. അശോക് ചവാനെതിരെ ബിജെപി ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഇപ്പോഴിതാ അദ്ദേഹത്തെ കൂടെ കൂട്ടിയിരിക്കയാണ് ബിജെപി. ഇങ്ങനെയാണ് അവര്‍ പാര്‍ട്ടികള്‍ തകര്‍ക്കുന്നത്. ഇത് രാഷ്ട്രീയമല്ല, ജനാധിപത്യത്തിന്റെ കൊലപാതകമാണ്.' സുപ്രിയ സുലെ പറഞ്ഞു. മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍ അടുത്തിടെയാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്.
2009 മുതല്‍ ബരാമതി പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്ന് മൂന്ന് തവണ എം.പിയായ സുലെ ഇത്തവണയും ഇവിടെ നിന്നാണ് ജനവിധി തേടുന്നത്. എന്‍സിപിയുടെ മുതിര്‍ന്ന നേതാവ് ശരത് പവാര്‍ രണ്ട് തവണ മത്സരിച്ച മണ്ഡലം കൂടിയാണ് ബരാമതി. ശരത് പവാര്‍ കുടുംബത്തിന് വലിയ സ്വാധീനമുള്ള ഈ മണ്ഡലം ഇത്തവണയും കൂടെ നില്‍ക്കുമെന്ന പ്രതീക്ഷയിലാണ് സുപ്രിയ സുലെ.
അതേസമയം ഈ തെരഞ്ഞെടുപ്പ് പാര്‍ട്ടിക്ക് അല്പം വേറിട്ടതാണ്. സുപ്രിയ സുലെ ഉള്‍പ്പെടുന്ന ശരത് പവാര്‍ പക്ഷത്തിന്, എന്‍സിപി പിളര്‍ത്തി ബിജെപിക്കൊപ്പം ചേര്‍ന്ന അജിത് പവാര്‍ പക്ഷത്തെ നേരിടേണ്ടി വരും. സുപ്രിയ സുലെക്ക് എതിര്‍ സ്ഥാനാര്‍ഥിയായി അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാര്‍ രംഗത്ത് വന്നാല്‍ ഒരു പക്ഷെ പവാര്‍ കുടുംബത്തിന്റെ ഏറ്റുമുട്ടലിനായിരിക്കും മണ്ഡലം സാക്ഷ്യം വഹിക്കുക.