സ്ഥലംമാറ്റം വേണമെങ്കില്‍ ഭാര്യയെ കൂടെ വിടണമെന്ന് മേലുദ്യോഗസ്ഥന്‍; ലൈന്‍മാന്‍ തീ കൊളുത്തി ആത്മഹത്യ ചെയ്തു

ലഖിംപൂരിലെ ജൂനിയര്‍ എഞ്ചിനീയറുടെ ഓഫീസിന് പുറത്ത് ഗോകുല്‍ ഡീസലൊഴിച്ച് തീ കൊളുത്തുകയായിരുന്നു

Update: 2022-04-12 02:43 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശില്‍ മേലുദ്യോഗസ്ഥന്‍റെ പീഡനം മൂലം വൈദ്യുതി വകുപ്പിലെ ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു. ലഖിംപൂർ ഖേരിയിലെ ഉത്തർപ്രദേശ് പവർ കോർപ്പറേഷൻ ലിമിറ്റഡിന്‍റെ (യുപിസിഎൽ) പാലിയ പവർ സ്റ്റേഷനിലെ ലൈൻമാനായ ഗോകുല്‍ പ്രസാദാണ്(45) സ്വയം തീ കൊളുത്തി ജീവനൊടുക്കിയത്. ലഖിംപൂരിലെ ജൂനിയര്‍ എഞ്ചിനീയറുടെ ഓഫീസിന് പുറത്ത് ഗോകുല്‍ ഡീസലൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഗോകുലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങി.

മരണത്തിനു തൊട്ടുമുന്‍പ് ചിത്രീകരിച്ച വീഡിയോയില്‍ ഗോകുല്‍ ജൂനിയര്‍ എന്‍ജിനിയര്‍ക്കെതിരെ മൊഴി നല്‍കിയിരുന്നു. സ്ഥലമാറ്റം വേണമെങ്കില്‍ ഭാര്യയെ കൂടെ വിടണമെന്ന് ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടതായി ഗോകുല്‍ പറയുന്നു. പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും ആരോപിക്കുന്നു. കഴിഞ്ഞ 22 വര്‍ഷമായി വൈദ്യുതി വകുപ്പില്‍ ലൈന്‍മാനായി ജോലി ചെയ്യുകയായിരുന്നു ഗോകുല്‍.

ജെഇ കാരണം തന്‍റെ ഭർത്താവ് കടുത്ത ടെൻഷനിലായിരുന്നുവെന്നും പാലിയ പോലീസ് സ്റ്റേഷനിൽ ഗോകുൽ പരാതി നൽകിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ലെന്നും ഗോകുലിന്‍റെ ഭാര്യ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കഴിഞ്ഞ മൂന്ന് വര്‍ഷമായി മേലുദ്യോഗസ്ഥര്‍ ഗോകുലിനെ പീഡിപ്പിക്കുകയായിരുന്നുവെന്ന് മറ്റൊരു വീഡിയോയില്‍ ഭാര്യ ആരോപിക്കുന്നു. അദ്ദേഹം വിഷാദാവസ്ഥയിലായിരുന്നു. മരുന്ന് കഴിക്കാന്‍ തുടങ്ങിയിട്ടും അവര്‍ അദ്ദേഹത്തെ വെറുതെ വിട്ടില്ല. അലിഗഞ്ചിലേക്ക് മാറ്റി, യാത്രയ്ക്ക് ബുദ്ധിമുട്ടായതുകൊണ്ട് വീട്ടിനടുത്തേക്ക് ഒരു ട്രാന്‍സ്ഫര്‍ ആവശ്യപ്പെട്ടു. നിന്‍റെ ഭാര്യയെ ഞങ്ങളോടൊപ്പം വിട്ടാല്‍ ട്രാന്‍സ്ഫര്‍ മാറ്റാമെന്നാണ് അവര്‍ പറഞ്ഞത്- ഭാര്യ പറയുന്നു. ആരോപണ വിധേയരായ ജൂനിയര്‍ എഞ്ചിനീയര്‍ നാഗേന്ദ്ര കുമാറിനെയും ഒരു ക്ലര്‍ക്കിനെയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News