മദ്യനയ അഴിമതിക്കേസ്; മനീഷ് സിസോദിയക്കെതിരെ ഇ.ഡി അന്വേഷണം തുടങ്ങി
കേസിന്‍റെ വിശദാംശങ്ങൾ ശേഖരിക്കുന്നതിന്‍റെ ഭാഗമായി സി.ബി.ഐ എഫ്.ഐ.ആആറിന്‍റെ പകർപ്പ് ഇ.ഡി ആവശ്യപ്പെട്ടിട്ടുണ്ട്
മദ്യനയ അഴിമതിക്കേസിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരെ ഇ.ഡി അന്വേഷണം തുടങ്ങി. കേസിന്‍റെ വിശദാംശങ്ങൾ ശേഖരിക്കുന്നതിന്‍റെ ഭാഗമായി സി.ബി.ഐ എഫ്.ഐ.ആആറിന്‍റെ പകർപ്പ് ഇ.ഡി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ കള്ളപ്പണം വെളുപ്പിക്കൽ കേസ് ഇഡി ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ല.
അതേസമയം മനീഷ് സിസോദിയക്കെതിരെ കേസെടുത്തതോടെ ആം ആദ്മി പാര്‍ട്ടി - ബി.ജെ.പി പോര് ശക്തമായി. സി.ബി.ഐയെ ദുരുപയോഗം ചെയ്യുകയാണെന്ന് മനീഷ് സിസോദിയ പറഞ്ഞു. മദ്യനയം അഴിമതി കേസാണ് സി.ബി.ഐ അന്വേഷിക്കുന്നത്. 14 മണിക്കൂർ നീണ്ട റെയ്ഡിനൊടുവിൽ മനീഷ് സിസോദിയയുടെ കമ്പ്യൂട്ടറും ഫോണും പിടിച്ചെടുത്താണ് കഴിഞ്ഞ ദിവസം സി.ബി.ഐ മടങ്ങിയത്. 'തെറ്റ് ചെയ്യാത്തതിനാൽ ഭയമില്ല. അവരുടെ നടപടികളുമായി പൂർണമായി സഹകരിച്ചു. സി.ബി.ഐയെ നിയന്ത്രിക്കുന്നത് ഉന്നതങ്ങളിൽനിന്നാണ്' സിസോദിയ പറഞ്ഞു.
സിസോദിയയെ ഒന്നാം പ്രതിയാക്കിയാണ് സി.ബി.ഐ കേസെടുത്തിരിക്കുന്നത്. മദ്യ ലോബിയെ സഹായിക്കുന്നതിനായി നയത്തിൽ മാറ്റം വരുത്തിയെന്ന് എഫ്.ഐ.ആറിൽ വ്യക്തമാക്കി. മലയാളികളായ വിജയ് നായർ, അരുൺ രാമചന്ദ്രപിള്ള എന്നിവർ പ്രതികളാണ്. ഇവർ മുഖേന സിസോദിയയുടെ സഹായികൾ കോടിക്കണക്കിനു രൂപ നേടിയെന്നാണ് കേസ്. തൃണമൂൽ കോൺഗ്രസ്, സി.പി.എം, എസ്പി, ടി ആർ എസ് എന്നീ പാർട്ടികൾ റെയ്ഡിനെ അപലപിച്ചു. അതേസമയം കോൺഗ്രസ് റെയ്ഡിനോട് പ്രതികരിച്ചില്ല