എൻഡിഎ മന്ത്രിസഭയിൽ ആരൊക്കെ? അമിത് ഷാ ധനവകുപ്പിലേക്ക്, അണ്ണാമലൈ മന്ത്രിയായേക്കും

വൈകിട്ട് 7.15ന് രാഷ്ട്രപതി ഭവനിലാണ് നരേന്ദ്ര മോദിയുടെയും മറ്റു മന്ത്രിമാരുടെയും സത്യപ്രതിജ്ഞ

Update: 2024-06-09 07:23 GMT
Editor : banuisahak | By : Web Desk
Advertising

ഡൽഹി: മൂന്നാം എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞക്കുള്ള ഒരുക്കങ്ങൾ രാജ്യതലസ്ഥാനത്ത് പുരോഗമിക്കുന്നു. വൈകിട്ട് 7.15ന് രാഷ്ട്രപതി ഭവനിലാണ് ചടങ്ങുകൾ.  ജവഹർലാൽ നെഹ്‌റുവിന് ശേഷം തുടർച്ചയായി മൂന്നാം തവണയും പ്രധാനമന്ത്രി ആകുന്ന രണ്ടാമത്തെ വ്യക്തിയാണ് മോദി. പുതിയ എൻഡിഎ സർക്കാറിൽ ആഭ്യന്തരവും, ധനം, പ്രതിരോധം, വിദേശകാര്യം എന്നീ പ്രധാന വകുപ്പുകളും ബിജെപി തന്നെ കൈവശംവെക്കുമെന്നാണ് വിവരം. ഈ വകുപ്പുകൾക്കായി സഖ്യകക്ഷികൾ പിടിമുറുക്കിയിട്ടുണ്ടെങ്കിലും ബിജെപി വിട്ടുകൊടുക്കാൻ സാധ്യതയില്ല.

രാഷ്ട്രപതിഭവനിലെ ചടങ്ങിൽ ബിജെപിയുടെയും മറ്റു ഘടകക്ഷികളുടെയും മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരമേൽക്കും. മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് ആഭ്യന്തര വകുപ്പ് കൈമാറി ധനവകുപ്പ് അമിത് ഷാക്ക് നൽകാൻ ചർച്ചകൾ നടക്കുന്നുണ്ട്. പാർട്ടി അധ്യക്ഷപദവിയിൽ ഈ മാസം കാലാവധി തീരുന്ന ജെ.പി.നഡ്ഡ മന്ത്രിസഭയിലേക്ക് എത്തും. രാജ്‌നാഥ്‌ സിങ്ങും നിതിൻ ഗഡ്‌കരിയും മന്ത്രിസഭയിൽ തുടരും.

ടിഡിപിയിൽനിന്ന് റാം മോഹൻ നായിഡു, ഡോ. ചന്ദ്രശേഖർ പെമ്മസനി എന്നിവർക്കാണ് മുൻ‌തൂക്കം. ജെഡിയുവിൽനിന്ന് ലലൻ സിങ്, സഞ്ജയ് കുമാർ ഝാ, റാം നാഥ് ഠാക്കൂർ എന്നിവരെയാണ് പരിഗണിക്കുന്നത്. ജെഡിയുവിന് ഒരു സഹമന്ത്രി കൂടിയുണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്. എൽജെപി (റാം വിലാസ്) അധ്യക്ഷൻ ചിരാഗ് പാസ്വാനും കാബിനറ്റ് മന്ത്രിസ്ഥാനം ഉറപ്പായിട്ടുണ്ട്. ആർഎൽഡിയുടെ ജയന്ത് ചൗധരി ഉൾപ്പെടെയുള്ള ഘടകകക്ഷി നേതാക്കളും മന്ത്രിസഭയിലുണ്ടാകും. 

മൻസൂഖ് മാണ്ഡവ്യ മന്ത്രിസഭയിലേക്ക് എത്തും. അണ്ണാമലൈ കേന്ദ്രമന്ത്രി ആയേക്കുമെന്ന് സൂചനയുണ്ട്. ഇദ്ദേഹത്തെ ഡൽഹിയിലേക്ക് വിളിപ്പിച്ചു. അശ്വനി വൈഷ്‌ണവ് വീണ്ടും മന്ത്രിയാകും. കർണാടക മുൻ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്‌ഡി കുമാരസ്വാമി കാർഷികവകുപ്പിൽ താത്പര്യമറിയിച്ചിട്ടുണ്ട്. ടിഡിപി നേതാക്കൾക്ക് അഞ്ച് ക്യാബിനറ്റ് സ്ഥാനങ്ങളും കേന്ദ്രത്തിൽ സഖ്യകക്ഷിയായ ജനസേനയ്ക്ക് രണ്ട് കാബിനറ്റ് സ്ഥാനങ്ങളും നൽകുമെന്നും റിപ്പോർട്ടുകളുണ്ട്. 

ചിരാഗ് പാസ്വാൻ, അപ്നാ ദൾ പാർട്ടി മേധാവി അനുപ്രിയ പട്ടേൽ എന്നിവരും പരിഗണനയിലുണ്ട്. രാഷ്ട്രീയ ലോക്ദൾ നേതാവ് ജയന്ത് ചൗധരി, ഹിന്ദുസ്ഥാനി അവാം മോർച്ചയുടെ തലവൻ ജിതൻ റാം മാഞ്ചി, ഡികെ അരുണ, ഡി അരവിന്ദ്, ബസവരാജ് ബൊമ്മൈ, ശിവരാജ് സിംഗ് ചൗഹാൻ, ബിപ്ലബ് ദേവ്, പിയൂഷ് ഗോയൽ, പ്രതാപാവ് ജാദവ്, സഞ്ജയ് ജയ്‌സ്വാൾ, പ്രഹ്ലാദ് ജോഷി, ഗോവിന്ദ് കർജോൾ എന്നിവരുൾപ്പെടെയുള്ള ബിജെപി നേതാക്കൾക്ക് മന്ത്രിസ്ഥാനം ലഭിച്ചേക്കുമെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിക്കുന്നു. 

പി സി മോഹൻ, ബിജുലി കലിത മേധി, ധർമ്മേന്ദ്ര പ്രധാൻ, ജിതിൻ പ്രസാദ്, ദഗ്ഗുബതി പുരന്ദേശ്വരി, നിത്യാനന്ദ് റായ്, എടാല രാജേന്ദർ, കിഷൻ റെഡ്ഡി, കിരൺ റിജിജു, രാജീവ് പ്രതാപ് റൂഡി, മൻമോഹൻ സമൽ, ബന്ദി സഞ്ജയ്, ജ്യോതിരാദിത്യ സിന്ധ്യ, ജുഗൽ കിഷോർ സിംഗ് ശർമ്മ, ഗതാജ് ശർമ്മ ദുഷ്യന്ത് സിംഗ്, ജിതേന്ദ്ര സിംഗ്, രാജ്‌നാഥ് സിംഗ്, സർബാനന്ദ സോനോവാൾ, ശന്തനു താക്കൂർ എന്നിവരും പരിഗണനയിലുണ്ട്. 

കേന്ദ്രമന്ത്രിയാകുമെന്ന അഭ്യൂഹങ്ങൾക്കിടെ നിയുക്ത എംപി സുരേഷ്ഗോപി ഡൽഹിയിലേക്ക് തിരിച്ചു. കേന്ദ്രമന്ത്രിയായാൽ കരാർ ഒപ്പിട്ട സിനിമകൾ മുടങ്ങുമോ എന്ന ആശങ്ക സുരേഷ് ഗോപി നേതൃത്വത്തെ അറിയിച്ചു. ഡൽഹിയിൽ എത്താൻ മോദി നേരിട്ട് വിളിച്ച് നിർദേശം നൽകിയതിനെ തുടർന്ന് അദ്ദേഹം തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടിട്ടുണ്ട്. സുരേഷ് ഗോപിക്കു കാബിനറ്റ് റാങ്കോ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിസ്ഥാനമോ കിട്ടുമെന്നാണ് റിപ്പോർട്ട്. മോദിയും അമിത്ഷായും പറയുന്നത് അനുസരിക്കുമെന്ന് സുരേഷ് ഗോപി പ്രതികരിച്ചു. 

Full View

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News