നീറ്റ് വിഷയം ചർച്ചക്കെടുക്കാതെ സർക്കാർ; അടിയന്തര പ്രമേയത്തിന് അനുമതിയില്ല, സഭയിൽ പ്രതിഷേധം

ചെറുപ്പക്കാരുടെ പ്രശ്‌നമാണിതെന്നും വിഷയത്തിൽ ചർച്ച വേണമെന്നും രാഹുൽ ഗാന്ധി ലോക്‌സഭയിൽ ആവശ്യപ്പെട്ടെങ്കിലും ചർച്ച നടത്താൻ സർക്കാർ തയ്യാറായില്ല.

Update: 2024-06-28 08:29 GMT
Editor : banuisahak | By : Web Desk
Advertising

ഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേട് പാർലമെന്റിൽ ഉന്നയിച്ച് പ്രതിപക്ഷം. ചെറുപ്പക്കാരുടെ പ്രശ്നമാണിതെന്നും വിഷയത്തിൽ ചർച്ച വേണമെന്നും രാഹുൽ ഗാന്ധി ലോക്സഭയിൽ ആവശ്യപ്പെട്ടു. പക്ഷേ വിഷയം ചർച്ച ചെയ്യാൻ സർക്കാർ തയ്യാറായില്ല. ഇരു സഭകളിലും പ്രതിപക്ഷ പ്രതിഷേധം തുടരുകയാണ്. പ്രതിപക്ഷ ബഹളത്തെ തുടർന്ന് ലോക്സഭ നിർത്തിവെച്ചു. രാജ്യസഭാ നടപടികൾ ഉച്ചവരെ നിർത്തിവെച്ചിരിക്കുകയാണ്. 

നീറ്റ്, നെറ്റ് പരീക്ഷാ ക്രമക്കേടുകൾ ചർച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക്സഭയിൽ പ്രതിപക്ഷം അടിയന്തര പ്രമേയം നൽകിയെങ്കിലും സ്‌പീക്കർ അത് നിഷേധിക്കുകയായിരുന്നു. തുടർന്ന് പ്രതിപക്ഷം പ്രതിഷേധവുമായി രം​ഗത്തെത്തിയതോടെ സഭ പ്രഷുബ്ധമായി. 

എൻ.കെ. പ്രേമചന്ദ്രൻ എംപിയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. ലോക്‌സഭാ വെബ്സൈറ്റിൽനിന്ന് അടിയന്തര പ്രമേയ നോട്ടീസ് നൽകാനുള്ള ഓപ്ഷൻ ഒഴിവാക്കിയതിന് പിന്നാലെ സ്പീക്കറുടെ ഓഫീസിൽ നേരിട്ടെത്തി അദ്ദേഹം നോട്ടീസ് നൽകുകയായിരുന്നു.

 വിദ്യാർഥികളെ ബാധിച്ച വിഷയമാണെന്നും ചർച്ച വേണമെന്നും രാഹുൽ ​ഗാന്ധി സഭയിൽ ആവശ്യപ്പെട്ടു. വിദ്യാർത്ഥികളുടെ ആശങ്ക ഉന്നയിക്കുന്നതിൽ സർക്കാരും പ്രതിപക്ഷവും ഒരുമിച്ചാണെന്ന സന്ദേശം പാർലമെൻ്റ് യുവാക്കൾക്ക് നൽകണമെന്നും രാഹുൽ പറഞ്ഞിരുന്നു. 

യുവാക്കളുടെ പ്രശ്‌നമാണെന്നും വിഷയം മാന്യമായി ചർച്ച ചെയ്യണമെന്നും പ്രധാനമന്ത്രിയോട് രാഹുൽ അഭ്യർത്ഥിച്ചു. സർക്കാരും പ്രതിപക്ഷവും ഒരുമിച്ച് വിദ്യാർത്ഥികളെക്കുറിച്ച് സംസാരിക്കുന്നു എന്ന സന്ദേശം പാർലമെൻ്റിൽ നിന്ന് പുറത്തുപോകണമെന്നും മാധ്യമങ്ങളോട് സംസാരിക്കവെ രാഹുൽ പറഞ്ഞു.  വിഷയത്തില്‍ ചര്‍ച്ച അനുവദിച്ചില്ലെങ്കില്‍ സഭയ്ക്ക് പുറത്ത് പ്രതിഷേധിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന ഇൻഡ്യ മുന്നണി യോഗത്തിൽ തീരുമാനമായിരുന്നു. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News