ലോക്സഭാ തെരഞ്ഞെടുപ്പ്; അഞ്ചാം ഘട്ടത്തിൽ 57.51 ശതമാനം പോളിങ്
ബിഹാറിലും ജാർഖണ്ഡിലും ജനം തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചു
ഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടത്തിൽ 57.51 ശതമാനം പോളിങ്്. എട്ട് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 49 പാർലമെന്റ് മണ്ഡലങ്ങളിലേക്കാണ് അഞ്ചാംഘട്ടത്തിൽ വോട്ടെടുപ്പ് നടന്നത്. 73 ശതമാനം പോളിങ് രേഖപ്പെടുത്തിയ പശ്ചിമ ബംഗാളാണ് അഞ്ചാംഘട്ടത്തിൽ മുന്നിൽ.
ലഡാക്കിൽ 67.15 ശതമാനവും ജാർഖണ്ഡിൽ 63 ശതമാനവും ഒഡീഷയിൽ 60.72 ശതമാനവും പോളിങ് രേഖപ്പെടുത്തി. ഉത്തർപ്രദേശിൽ 57.79 ശതമാനവും ജമ്മു കശ്മീരിൽ 54.67 ശതമാനവും ബിഹാറിൽ 52.60 ശതമാനവും മഹാരാഷ്ട്രയിൽ 49.01 ശതമാനവുമാണ് പോളിങ്.
ബിഹാറിലെ മുസാഫർപൂരിൽ റോഡുകളുടെ ലഭ്യതക്കുറവ് ഉൾപ്പെടെയുള്ള പ്രാദേശിക പ്രശ്നങ്ങൾ ഉന്നയിച്ച് രണ്ട് പോളിങ് ബൂത്തുകളിൽ ആളുകൾ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചു. പാലം ലഭ്യമാക്കാത്തതിൽ പ്രതിഷേധിച്ച് ജാർഖണ്ഡിലെ ഹസാരിബാഗിലും ജനം തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചു.
മഹാരാഷ്ട്രയിലാണ് ഏറ്റവും കുറഞ്ഞ പോളിങ് നടന്നത്. മുംബൈ സൗത്തിൽ 45 ശതമാനത്തിൽ താഴെയാണ് പോളിങ് രേഖപ്പെടുത്തിയത്.
അതേസമയം 39 വർഷത്തെ ഏറ്റവും ഉയർന്ന പോളിങ് ശതമാനമാണ് ജമ്മു കശ്മീരിലെ ബാരാമുള്ള മണ്ഡലത്തിൽ രേഖപ്പെടുത്തിയത്. 54.57 ശതമാനം ആളുകൾ ഇവിടെ വോട്ട് രേഖപ്പെടുത്തി. അന്തിമ കണക്കുകളിൽ നേരിയ വ്യത്യാസം സംഭവിക്കാം.