ലോക്സഭാ തെരഞ്ഞെടുപ്പ്: ജയ്പൂരിലും ഹൈദരാബാദിലും കോൺഗ്രസിന്റെ മെഗാറാലികൾ
കോൺഗ്രസ് ഭരണഘടനയെ സംരക്ഷിക്കുമെന്ന് രാഹുൽ ഗാന്ധി
ഹൈദരാബാദ്: ലോക്സഭ തെരഞ്ഞെടുപ്പിന്റെ പ്രകടനപത്രിക പുറത്തിറക്കിയതിന് പിന്നാലെ മെഗാറാലി സംഘടിപ്പിച്ച് കോൺഗ്രസ്. ജയ്പൂരിലും ഹൈദരാബാദിലുമാണ് മെഗാറാലി നടന്നത്.
ജയ്പൂരിലും ഹൈദരാബാദിലും സംഘടിപ്പിച്ച റാലികളിലൂടെ കോൺഗ്രസ് തങ്ങളുടെ പ്രകടന പത്രിക ഉയർത്തിക്കാട്ടി എല്ലാവർക്കും നീതി ഉറപ്പാക്കുമെന്ന് ആവർത്തിച്ചു. അദ്ധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും സോണിയാ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ജയ്പൂരിലെ റാലിയിൽ രൂക്ഷമായ ഭാഷയിലാണ് മോദി സർക്കാരിനെ വിമർശിച്ചത്.
രാജ്യം അപകടത്തിലാണെന്ന് മല്ലികാർജുൻ ഗാർഗെ പറഞ്ഞു. നരേന്ദ്ര മോദി രാജ്യത്തെയും ജനാധിപത്യത്തെയും നശിപ്പിക്കുകയാണെന്നും സോണിയ ആരോപിച്ചു.
ഇവിഎമ്മിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടെന്നും വിവി പാറ്റിലേക്ക് മാറണമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. തെലുങ്കാനയിൽ നടന്ന പ്രകടനപത്രിക റാലി രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്തു. പത്രികയിലെ അഞ്ചു വാഗ്ദാനങ്ങൾ അടക്കം കോൺഗ്രസ് ഗ്യാരണ്ടികൾ രാഹുൽ ഉറപ്പുനൽകി. രാജ്യത്തെ രക്ഷിക്കാൻ ഭരണഘടനക്കേ സാധിക്കൂ. ബിജെപി ഭരണഘടനയെ ഇല്ലാതാക്കാൻ ശ്രമിക്കുന്നു. കോൺഗ്രസ് ഭരണഘടനയെ സംരക്ഷിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.