പാർലമെന്‍റ് അതിക്രമം: കൂടുതൽ പേർക്ക് പങ്കെന്ന് സൂചന

നിലവില്‍ നാലുപേരാണ് കസ്റ്റഡിയിലുള്ളത്

Update: 2023-12-13 12:36 GMT
Editor : Lissy P | By : Web Desk
Advertising

ന്യൂഡൽഹി: പാർലമെന്റ് അതിക്രമത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് സൂചന.നിലവിൽ നാലുപേരാണ് കസ്റ്റഡിയിലുള്ളത്. എന്നാൽ സംഘത്തിൽ ആറുപേർ ഉണ്ടായിരുന്നെന്നും ഇതിൽ അഞ്ചുപേരെ ഇതിനോടകം തന്നെ തിരിച്ചറിഞ്ഞെന്നും പൊലീസ് വൃത്തങ്ങൾ പറയുന്നു. രണ്ടുപേരെ ഉടൻ കസ്റ്റഡിയിലെടുക്കുമെന്നും ഡൽഹി പൊലീസ് വ്യക്തമാക്കി.

പാർലമെന്റ് ആക്രമണത്തിന്റെ 22 മത്തെ വാർഷികത്തിലാണ് രാജ്യത്തെ ഞെട്ടിച്ചു കൊണ്ട് രണ്ടുപേർ സന്ദർശക ഗാലറിയിൽ നിന്നും മുദ്രാവാക്യം മുഴക്കിക്കൊണ്ട് എംപിമാരുടെ ഇടയിലേക്ക് ചാടി ഇറങ്ങിയത്. ഉച്ചയ്ക്ക് സഭ പിരിയുന്നതിനു മുൻപായി ഒരു മണിക്ക് ശൂന്യവേള നടക്കുമ്പോഴായിരുന്നു അപ്രതീക്ഷിതമായ സംഭവം . ഷൂസിൽ ഒളിപ്പിച്ചു വച്ച സ്‌മോക് സ്‌പ്രേ ലോക്‌സഭയിൽ ഉയർത്തി വിടുകയും ചെയ്തു.

ഉത്തർ പ്രദേശ് ആലംബാഗ് സ്വദേശിയായ സാഗർ ശർമ്മ, മൈസൂർ സ്വദേശിയും എൻജിനിയറിങ് വിദ്യാർഥിയുമായ മനോരഞ്ജൻ എന്നിവരാണ് ഭീതി പടർത്തിയത്. ഇതേ സമയം പാർലമെന്റിനു പുറത്ത് സ്‌മോക് സ്‌പ്രേ യുമായി രണ്ടു പേർ മുദ്രാവാക്യം വിളിച്ചു. അമോൽ ഷിൻഡെ ((25)) , നീലം (39)എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മൈസൂർ കുടക് മണ്ഡലത്തിലെ ബി.ജെ.പി എംപി പ്രതാപ് സിംഹയാണ് ഇവർക്കുള്ള സന്ദർശക പാസിന് ശുപാർശ ചെയ്തത്. വിലക്കയറ്റവും തൊഴിലില്ലായ്മയുമാണ് പാർലമെന്റിൽ കടന്നു കയറാൻ പ്രേരിപ്പിച്ചതെന്ന് പ്രതികൾ മൊഴി നൽകി. ഒരു രാഷ്ട്രീയ പാർട്ടികളുമായി ബന്ധമില്ലെന്നും ഇവർ പറഞ്ഞു. സി. ആർ.പി.എഫ്.ഇഫ് മേധാവി അടക്കം ലോകസഭയിലെത്തി . ഡൽഹി പൊലീസ് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി. പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതികൾ വിവിധ ഏജൻസികൾ ചോദ്യം ചെയ്തു വരികയാണ്. അക്രമത്തിന്റെ ലക്ഷ്യം , കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നകാര്യങ്ങളാണ് അന്വേഷിച്ചറിയുന്നത്. അറസ്റ്റിലായ നാല് പേരെ കൂടാതെ ഈ സംഘത്തിലെ രണ്ടു പേർ കൂടി ഡൽഹിയിൽ തങ്ങുന്നതായാണ് സൂചന.


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News