'അക്രമികളുടെ പാസിൽ ഒപ്പിട്ട ബി.ജെ.പി എം.പിയെ സസ്‌പെൻഡ് ചെയ്യണം'; രാജ്യസഭയിൽ പ്രതിപക്ഷ പ്രതിഷേധം
സുരക്ഷാ വീഴ്ചയില്‍ ഏഴ് ജീവനക്കാരെ സസ്പെൻഡ് ചെയ്തു
ന്യൂഡല്‍ഹി: പാർലമെൻറിലെ സുരക്ഷാ വീഴ്ചയിൽ അക്രമികളുടെ പാസില്‍ ഒപ്പിട്ട ബി.ജെ.പി എം.പി പ്രതാപ് സിംഹയെ സസ്പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇരുസഭകളിലും പ്രതിപക്ഷ പ്രതിഷേധം. മുദ്രാവാക്യം വിളിച്ചാണ് പ്രതിപക്ഷ എം.പിമാര്‍ പ്രതിഷേധിച്ചത്. സുരക്ഷാ വീഴ്ച ചര്‍ച്ച ചെയ്യണമെന്നും പ്രതിപക്ഷ എം.പിമാര്‍ ആവശ്യപ്പെട്ടു.
അതിനിടെ പാര്‍ലമെന്‍റിലെ സുരക്ഷാവീഴ്ചയില്‍ ഏഴുപേരെ സസ്പെന്‍ഡന്‍റ് ചെയ്തു. സുരക്ഷ ജീവനക്കാരെയാണ് സസ്പെൻഡ് ചെയ്തത്. ലോക്സഭാ സെക്രട്ടേറിയറ്റിന്റേതാണ് നടപടി. സുരക്ഷാ വീഴ്ച ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ യോഗം ചേരുകയാണ്.ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ ജെപി നഡ്ഡ എന്നിവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
പാർലമെന്റിൽ ഇന്നലെ സംഭവിച്ചത് ദൗർഭാഗ്യകരമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ജാഗ്രത ഉണ്ടാകും. സഭകയിൽ അരാജകത്വം സൃഷ്ടിക്കരുതെന്നും അദ്ദേഹം പറഞ്ഞു.