കലാപമടങ്ങാതെ മണിപ്പൂര്‍; പ്രധാനമന്ത്രി മൗനം തുടരുന്നത് എന്തിനെന്ന് കോൺഗ്രസ്
സംഘർഷം രണ്ട് മാസം പിന്നിടുമ്പോഴും പ്രധാനമന്ത്രി ഒരുവാക്കു പോലും പറയുന്നില്ലെന്നും ഇത് അത്ഭുതകരമെന്നും ലോകേശ്വർ മീഡിയവണിനോട് പറഞ്ഞു
ഇംഫാല്‍: മണിപ്പൂരിൽ സംഘർഷം രൂക്ഷമായി തുടരുമ്പോഴും പ്രധാനമന്ത്രി മൗനം തുടരുന്നത് എന്തിനെന്ന് കോൺഗ്രസ് മുൻ എം.എൽ.എയും സ്പീക്കറുമായിരുന്ന ലോകേശ്വർ സിംഗ് . സംഘർഷം രണ്ട് മാസം പിന്നിടുമ്പോഴും പ്രധാനമന്ത്രി ഒരുവാക്കു പോലും പറയുന്നില്ലെന്നും ഇത് അത്ഭുതകരമെന്നും ലോകേശ്വർ മീഡിയവണിനോട് പറഞ്ഞു.
മണിപ്പൂരിൽ നടക്കുന്ന സംഘർഷത്തെ കുറച്ച് പ്രധാനമന്ത്രിക്ക് നല്ല ധാരണയുണ്ട്. എന്നാൽ, മോദി ഒരു സമാധാനം അഹ്വാനം പോലും നടത്തുന്നില്ല. മണിപ്പൂരിനെ കുറച്ച് സംസാരിക്കാൻ പ്രധാനമന്ത്രിയോട് അഭ്യർത്ഥിക്കുകയാണ് എന്നും ലോകേശ്വർ സിങ് പറഞ്ഞു. എല്ലാ കാര്യങ്ങളെയും കുറച്ച് സംസാരിക്കുന്ന പ്രധാനമന്ത്രി ഒരു തവണ എങ്കിലും മണിപ്പൂരിനെ കുറച്ച് സംസാരിക്കണം. ഈ മാസം 20 മുമ്പ് മോദി മൗനം വെടിഞ്ഞില്ലെങ്കിൽ മണിപ്പൂർ പൂർണ്ണമായും ഇല്ലാതാകും.
ഗുജറാത്തിന്‍റെ മാത്രം പ്രധാനമന്ത്രി അല്ല മോദി, ഇന്ത്യയുടേതാണ്. മണിപ്പൂർ ജനത ഇന്ത്യക്കാർ അല്ലെന്നു തോന്നുന്നുണ്ടെങ്കിൽ ഞങ്ങൾ പറഞ്ഞു തരാം. എത്രയും വേഗം സമാധാന പുനഃസ്ഥാപിക്കാൻ ഇടപെടൽ ഉണ്ടാകണമെന്നും ലോകേശ്വർ സിംഗ് ആവശ്യപ്പെട്ടു. സിംഗ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടി നേതാക്കൾ പ്രധാനമന്ത്രിയെ കാണാൻ ഡൽഹിയിൽ എത്തിയെങ്കിലും കാണാൻ പ്രധാനമന്ത്രി തയ്യാറായിരുന്നില്ല.