ബി.ജെ.പി നേതാവിന്റെ അശ്ലീല വീഡിയോ പുറത്തുവിട്ട മറാത്ത ചാനലിന് 72 മണിക്കൂർ വിലക്ക്

വിലക്കിനെതിരെ നിയമപോരാട്ടം നടത്തുമെന്ന് ലോക് ഷാഹി ചാനൽ എഡിറ്റർ ഇൻ ചീഫ് കമലേഷ് സുതാർ പ്രതികരിച്ചു

Update: 2023-09-23 05:35 GMT
Editor : safvan rashid | By : Web Desk
Advertising

മുംബൈ: ബി.ജെ.പി നേതാവ് കിരിത് സോമയ്യയുടെ അശ്ലീല വിഡിയോ പുറത്തുവിട്ട മറാത്ത ചാനൽ ലോക് ഷാഹിക്ക് കേന്ദ്ര വാർത്ത വിനിമയ മന്ത്രാലയത്തിന്റെ 72 മണിക്കൂർ വിലക്ക്. വെള്ളിയാഴ്ച വൈകീട്ട് ഏഴ് മണി മുതലാണ് ചാനലിന്റെ സംപ്രേക്ഷണ വിലക്ക് ആരംഭിച്ചത്. വിലക്കിനെതിരെ നിയമപോരാട്ടം നടത്തുമെന്ന് ലോക് ഷാഹി ചാനൽ എഡിറ്റർ ഇൻ ചീഫ് കമലേഷ് സുതാർ പ്രതികരിച്ചു.

വിലക്കിന് പിന്നാലെ കമലേഷ് സുതാർ പുറത്തുവിട്ട വിഡിയോയിൽ പ്രതികരിക്കുന്നത് ഇങ്ങനെ: ‘‘ ഞങ്ങളുടെ പ്രേക്ഷകരോട് ഒരു സുപ്രധാന കാര്യം പറയാനുണ്ട്. സോമയ്യയുടെ വാർത്തയുമായി ബന്ധപ്പെട്ട് കേന്ദ്ര വാർത്ത വിതരണ മന്ത്രാലയത്തിൽ നിന്നും ഞങ്ങൾക്കൊരു നോട്ടീസ് ലഭിച്ചിരുന്നു. ഞങ്ങൾ അതിനോട് പ്രതികരണം അറിയിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ 7 മണിമുതൽ 72 മണിക്കൂർ നേരത്തേക്ക് സംപ്രേക്ഷണം വിലക്കിക്കൊണ്ട് നോട്ടീസ് ലഭിച്ചിരിക്കുകയാണ്. അടുത്ത 72 മണിക്കൂർ നേരത്തേക്ക് ചാനൽ സംപ്രേക്ഷണം കാണാൻ നിങ്ങൾക്ക് സാധിക്കില്ല. ഞങ്ങൾ നിയമോപദേശം തേടിക്കൊണ്ടിരിക്കുന്നു. ഞങ്ങളുടെ വാദം പറയാനുള്ള മതിയായ അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിയമപരമായി പോരാടും. കുറച്ചുകൂടി സമയം ലഭിച്ചിരുന്നുവെങ്കിൽ കാര്യങ്ങൾ നന്നാകുമായിരുന്നു എന്നാണ് വിശ്വസിക്കുന്നത്. വൈകീട്ട് 6:13 ന് 7 മണിയോടെ സംപ്രേക്ഷണം അവസാനിപ്പിക്കുന്നതായി നോട്ടീസ് ലഭിക്കുകയായിരുന്നു. ഞങ്ങൾ ഉടൻ മടങ്ങിവരും.’’

ഈ മാസാദ്യം സുതാറിനും ഒരു യൂട്യൂബ് ചാനലിനുമെതിരെ മുംബൈ പൊലീസ് കേസെടുത്തിരുന്നു. ബി.ജെ.പി മഹാരാഷ്ട്ര സംസ്ഥാന ഉപാധ്യക്ഷനും മുൻ എം.പിയുമായ കിരിത് സോമയ്യയുടെ അശ്ലീല ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ദൃശ്യത്തിൽ ഉൾപ്പെട്ട സ്ത്രീയെ അവ്യക്തമാക്കിയ നിലയിലാണ് വിഡിയോ സംപ്രേക്ഷണം ചെയ്തത്. അതേസമയം അശ്ലീല വിഡിയോ പുറത്തുവന്നത് ഗൂഢാലോചനയാണെന്നായിരുന്നു സോമയ്യയുടെ ​പ്രതികരണം. 

Tags:    

Writer - safvan rashid

Senior Content Writer

Editor - safvan rashid

Senior Content Writer

By - Web Desk

contributor

Similar News