ശ്രീരാമൻ ജനിച്ചിരുന്നില്ലെങ്കിൽ ബി.ജെ.പി എന്ത് ചെയ്യുമായിരുന്നു? - ഉദ്ദവ് താക്കറെ

മറ്റൊരു വിഷയവുമില്ലാതിരുന്നിട്ട് മതത്തെക്കുറിച്ച് മാത്രം പറഞ്ഞ് വിദ്വേഷം പ്രചരിപ്പിക്കുകയാണ് ബി.ജെ.പി ചെയ്യുന്നതെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേനാ നേതാവുമായ ഉദ്ദവ് താക്കറെ

Update: 2022-04-11 10:18 GMT
Editor : Shaheer | By : Web Desk
Advertising

മുംബൈ: ഹിന്ദുത്വവികാരം ഉയർത്തുന്നത് ചൂണ്ടിക്കാട്ടി ബി.ജെ.പിക്കെതിരെ ആക്രമണം തുടർന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. ഹിന്ദുത്വയുടെ കുത്തകാവകാശം ബി.ജെ.പിക്കില്ല. ശ്രീരാമൻ ജനിച്ചിരുന്നില്ലെങ്കിൽ ബി.ജെ.പി എന്ത് ചെയ്യുമായിരുന്നുവെന്നും താക്കറെ പരിഹസിച്ചു.

ബി.ജെ.പിയെപ്പോലെയല്ല ശിവസേന. സേന എപ്പോഴും കാവിയിലും ഹിന്ദുത്വയിലും അടിയുറച്ച പാർട്ടിയാണ്. എന്നാൽ, ഭാരതീയ ജനസംഘം, ജനസംഘം എന്നൊക്കെയുള്ള പല പേരുകളിൽ പല പ്രത്യയശാസ്ത്രം പ്രചരിപ്പിച്ചവരാണ് ബി.ജെ.പി-കോലാപൂർ നോർത്ത് മണ്ഡലത്തിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഓൺലൈനായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു താക്കറെ. മഹാവികാസ് അഘാഡി മുന്നണിയുടെ സ്ഥാനാർത്ഥിയായി കോൺഗ്രസിന്റെ ജയശ്രീ ജാധവാണ് മണ്ഡലത്തിൽ ജനവിധി തേടുന്നത്.

ബി.ജെ.പിക്ക് ഹിന്ദുത്വയുടെ കുത്തകാവകാശമൊന്നുമില്ല. ശ്രീരാമൻ ജനിച്ചിരുന്നില്ലെങ്കിൽ ബി.ജെ.പി എന്തു വിഷയമാണ് രാഷ്ട്രീയത്തിൽ ഉന്നയിക്കുക എന്ന് അത്ഭുതപ്പെട്ടുപോകുകയാണ്. മറ്റൊരു വിഷയവുമില്ലാതിരുന്നിട്ട് മതത്തെക്കുറിച്ച് മാത്രം പറഞ്ഞ് വിദ്വേഷം പ്രചരിപ്പിക്കുകയാണ് ബി.ജെ.പി ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കാവിയും ഹിന്ദുത്വയും ഉപയോഗിച്ച് കേന്ദ്രത്തിൽ ഭരണം പിടിക്കാനാകുമെന്ന് ബി.ജെ.പിക്ക് കാണിച്ചുകൊടുത്തത് തന്റെ പിതാവ് ബാൽ താക്കറെയാണെന്നും ഉദ്ദവ് അവകാശപ്പെട്ടു. ബി.ജെ.പിക്ക് താക്കറെയോട് ആദരവുണ്ടെങ്കിൽ നവി മുംബൈ രാജ്യാന്തര വിമാനത്താവളത്തിന് അദ്ദേഹത്തിന്റെ പേരിടുന്നതിനെ അവർ എതിർക്കുന്നത് എന്തിനാണ്? ബാലാ സാഹിബിന്റെ മുറിയിൽ വച്ച് അമിത് ഷാ നൽകിയ വാക്കിൽനിന്ന് അവർ പിന്നോട്ട് പോയത് എന്തുകൊണ്ടാണെന്നും 2019ലെ തെരഞ്ഞെടുപ്പിൽ സേനയ്ക്ക് മുഖ്യമന്ത്രി സ്ഥാനം നൽകുമെന്ന ബി.ജെ.പി വാഗ്ദാനത്തെ സൂചിപ്പിച്ച് ഉദ്ദവ് താക്കറെ ചോദിച്ചു.

Summary: "Had Ram Not Been Born, What Would BJP Have Raised": Uddhav Thackeray

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News