ശ്രീരാമൻ ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ ഒരിക്കലും വിവേചനം കാണിച്ചിട്ടില്ല -അരവിന്ദ് കെജ്രിവാൾ
‘രാമരാജ്യത്തിന് ആവശ്യമായ 10 തത്വങ്ങൾ ഡൽഹി സർക്കാർ സ്വീകരിച്ചിട്ടുണ്ട്’
ന്യൂഡൽഹി: ശ്രീരാമൻ ജാതിയുടെയും മതത്തിന്റെ അടിസ്ഥാനത്തിൽ ഒരിക്കലും വിവേചനം കാണിച്ചിട്ടില്ലെന്നും എന്നാൽ, സമൂഹം ഇന്ന് ആ രീതിയിൽ വിഭജിക്കപ്പെട്ടിരിക്കുകയാണെന്നും ഡൽഹി മുഖ്യമന്ത്രിയും ആപ് നേതാവുമായ അരവിന്ദ് കെജ്രിവാൾ. ഛത്രസാൽ സ്റ്റേഡിയത്തിൽ നടന്ന റിപ്പബ്ലിക് ദിന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാമരാജ്യത്തിന് ആവശ്യമായ 10 തത്വങ്ങൾ ഡൽഹി സർക്കാർ സ്വീകരിച്ചിട്ടുണ്ട്. ഡൽഹി സർക്കാർ മികച്ച വിദ്യാഭ്യാസവും ആരോഗ്യവും മുതിർന്ന പൗരൻമാർക്ക് പെൻഷനും 24 മണിക്കൂർ വൈദ്യുതി വിതരണവും സൗജന്യ കുടിവെള്ളവും നൽകുന്നുണ്ടെന്നും കെജ്രിവാൾ പറഞ്ഞു.
രാമരാജ്യത്തിൽ ആരും പട്ടിണി കിടക്കില്ല, എല്ലാവർക്കും തുല്യ വിദ്യാഭ്യാസം, തുല്യവും ഗുണമേൻമയുമുള്ള ആരോഗ്യ സേവനം, എല്ലാവർക്കും സൗജന്യ വൈദ്യുതി, ശുചിത്വപൂർണമായ കുടിവെള്ളം, മുതിർന്നവരെ ബഹുമാനിക്കുക, എല്ലാവരും സുരക്ഷിതരാണെന്ന് ഉറപ്പാക്കുക, തൊഴിൽ അവസരങ്ങൾ നൽകുക, വിലക്കയറ്റം നിയന്ത്രിക്കുക, എല്ലാവർക്കും തുല്യത എന്നീ പത്ത് അടിസ്ഥാന തത്വങ്ങളാണ് ഡൽഹിയിൽ നടപ്പാക്കിയത്. ഈ തത്വങ്ങളെ അടിസ്ഥാനമാക്കി ഡൽഹിയിൽ നടപ്പാക്കിയ വികസന-ക്ഷേമ പ്രവർത്തനങ്ങളും അദ്ദേഹം വിശദീകരിച്ചു.
അയോധ്യയിലെ പ്രാണപ്രതിഷ്ഠ ചടങ്ങ് രാജ്യത്തിനും ലോകത്തിനും അഭിമാനകരമാണെന്ന് കഴിഞ്ഞദിവസം കെജ്രിവാൾ വ്യക്തമാക്കിയിരുന്നു. ജനങ്ങൾ രാമന്റെ ജീവിത തത്വങ്ങൾ സ്വന്തം ജീവിതത്തിൽ പകർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.