മുസ്ലിം യുവാവിനെ ലൗ ജിഹാദ് കേസിൽ കുടുക്കാൻ ശ്രമം; യുവതിയടക്കം മൂന്ന് പേര്‍ അറസ്റ്റില്‍
ബിജെപി നേതാവെന്ന് ഫേസ്ബുക്കിൽ സ്വയം പരിചയപ്പെടുത്തിയ അമൻ ചൗഹാനും സഹായിയുമാണ് കേസ് ആസൂത്രണം ചെയ്തത്
മുസ്ലീം യുവാവിനെ ലൗ ജിഹാദ് കേസിൽ കുടുക്കാൻ ശ്രമിച്ച യുവതിയടക്കം മൂന്ന് പേരെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. ബിജെപി നേതാവെന്ന് ഫേസ്ബുക്കിൽ സ്വയം പരിചയപ്പെടുത്തിയ അമൻ ചൗഹാന്‍ എന്നയാളും സഹായിയുമാണ് കേസ് ആസൂത്രണം ചെയ്തത്. ഇവർ തട്ടിപ്പിനായി തന്നെ വാടകക്ക് എടുക്കുകയായിരുന്നെന്ന് യുവതി മൊഴി നല്‍കി.
കസഗഞ്ച് സ്വദേശിയായ പ്രിൻസ് ഖുറേഷി എന്ന വ്യവസായി മോനു ഗുപ്ത എന്ന വ്യാജ പേരിൽ തന്നെ സമീപിച്ചു എന്നാണ് യുവതി ആദ്യം നൽകിയ പരാതിയിൽ പറയുന്നത്. തുടർന്ന് വിവാഹ വാഗ്ദാനം നൽകി തന്നെ പീഡിപ്പിച്ചു എന്നും യുവതി പോലീസിനു നൽകിയ പരാതിയിൽ ആരോപിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ ബലാത്സംഗ കുറ്റം ചുമത്തി യുപി പോലീസ് ഇയാൾക്ക് എതിരെ കേസ് എടുത്തു. തുടരന്വേഷണത്തിൽ സംശയം തോന്നിയ ഉദ്യോഗസ്ഥർ യുവതിയെ ചോദ്യം ചെയ്തപ്പോൾ ആണ് ഗൂഢാലോചന വ്യക്തമായത്.
യുവമോർച്ച ജില്ലാ വൈസ് പ്രസിഡൻ്റ് എന്നാണ് അമൻ ചൗഹാൻ ഫേസ്ബുക്കിൽ തന്നെ കുറിച്ച് നൽകിയിരിക്കുന്ന വിവരം. ഇയാളും സഹായിയായ ആകാശ് സോളങ്കിയും ചേർന്നാണ് തന്നെ കുറ്റകൃത്യത്തിനായി വാടകയ്ക്ക് എടുത്തത് എന്ന് യുവതി പറഞ്ഞു.
ലൗ ജിഹാദ് ആരോപിച്ച് ബിജെപി പ്രവർത്തകരുമായി ചേർന്ന് അമൻ ചൗഹാൻ കസഗഞ്ച് പോലീസ് സ്റ്റേഷനു മുന്നിൽ സമരം നടത്തിയിരുന്നു. യുവതി കോടതിയിൽ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതികൾക്ക് എതിരെ പോലീസ് കേസ് എടുത്തു. എന്നാൽ അറസ്റ്റിലായ അമന് പാർട്ടിയുമായി ബന്ധമില്ല എന്നും ഇയാളെ പാർട്ടിയിൽ നിന്നും പുറത്താക്കിയത് ആണെന്നും ബിജെപി സംസ്ഥാന നേതൃത്വം അവകാശപ്പെട്ടു.