നടി തുനിഷയുടെ മരണത്തിൽ ലൗ ജിഹാദ് അന്വേഷിക്കണം; വിദ്വേഷ പ്രചരണവുമായി ബി.ജെപി എം.എൽ.എ
തുനിഷ ശര്‍മയെ ഷൂട്ടിങ് സെറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നടന്‍ ഷീസാന്‍ ഖാൻ അറസ്റ്റിലായിരുന്നു.
മുംബൈ: നടി തുനിഷ ശര്‍മയെ ഷൂട്ടിങ് സെറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തേയും വിദ്വേഷ പ്രചരണത്തിനുള്ള ആയുധമാക്കി ബി.ജെ.പി. നടിയുടെ മരണത്തിൽ ലൗ ജിഹാദ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി എം.എൽ.എ രംഗത്തെത്തി. മഹാരാഷ്ട്ര ഘാട്കോപാർ എം.എൽ.എ രാം കദം ആണ് ഇത്തരമൊരു ആവശ്യവുമായി രംഗത്തെത്തിയത്.
'തുനിഷ ശർമയുടെ കുടുംബത്തിന് നീതി ലഭിക്കും. കേസിന് ലൗ ജിഹാദുമായി ബന്ധമുണ്ടോ ഇല്ലയോ എന്ന് ഞങ്ങൾ കണ്ടെത്തും. ബന്ധമുണ്ടെങ്കിൽ അതിന് പിന്നിലെ ഗൂഢാലോചനക്കാരെയും സംഘടനകളെയും തുറന്നുകാട്ടും'- ബിജെപി നേതാവ് പറഞ്ഞു.
ആത്മഹത്യക്ക് കാരണം എന്തായിരുന്നു? ഇതിൽ ലൗ ജിഹാദ് ഉണ്ടോ? അതോ മറ്റെന്തെങ്കിലും പ്രശ്നമുണ്ടോ? അന്വേഷണത്തിൽ സത്യം പുറത്തുവരും. ഇത് ലൗ ജിഹാദാണെങ്കിൽ, അതിന് പിന്നിൽ ഏതൊക്കെ സംഘടനകളാണെന്നും ഗൂഢാലോചന നടത്തിയവർ ആരാണെന്നും പൊലീസ് അന്വേഷിക്കുമെന്നും എം.എൽഎ കൂട്ടിച്ചേർത്തു.
നടി തുനിഷ ശര്‍മയെ ഷൂട്ടിങ് സെറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നടന്‍ ഷീസാന്‍ ഖാൻ അറസ്റ്റിലായിരുന്നു. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് പൊലീസ് സഹതാരമായ ഷീസാനെ അറസ്റ്റ് ചെയ്തത്. തുനിഷയുടെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടനെതിരെ പൊലീസ് അന്വേഷണം നടത്തിയത്. ഇരുവരും പ്രണയത്തിലായിരുന്നെന്നും ബന്ധം തകര്‍ന്നതാണ് ആത്മഹത്യയിലേക്കു നയിച്ചതെന്നുമാണ് റിപ്പോര്‍ട്ട്.
ഷീസാനും തന്‍റെ മകളും തമ്മില്‍ ബന്ധമുണ്ടായിരുന്നുവെന്ന് തുനിഷയുടെ അമ്മ മൊഴി നല്‍കി. ചോദ്യം ചെയ്യലിന് ശേഷമാണ് നടന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. തുനിഷയെ വിവാഹം ചെയ്യാന്‍ ഷീസാന്‍ തയാറായില്ലെന്ന് ആരോപണമുണ്ട്. ഷീസാനെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും. ആലി ബാബ: ദസ്താൻ-ഇ-കാബൂളില്‍ തുനിഷയ്ക്കൊപ്പം ഷീസാനും അഭിനയിച്ചിരുന്നു.
മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ വസൈയിൽ ഷൂട്ടിങ്ങിനിടെയാണ് കഴിഞ്ഞദിവസം നടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ചിത്രീകരണത്തിന്‍റെ ഇടവേളയില്‍ സെറ്റിലെ മേക്കപ്പ് റൂമിലെ ടോയ്‍ലറ്റില്‍ പോയ തുനിഷ ഏറെനേരം കഴിഞ്ഞിട്ടും തിരിച്ചെത്തിയിട്ടില്ല. ഇതോടെ സഹപ്രവര്‍ത്തകര്‍ വാതില്‍ പൊളിച്ച് അകത്തുകയറുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
തുനിഷ ജീവനൊടുക്കിയതാണെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു. എന്നാല്‍ എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് വാലിവ് പൊലീസ് സ്റ്റേഷനിലെ സീനിയർ ഇൻസ്പെക്ടർ കൈലാഷ് ബാർവെ വ്യക്തമാക്കി. ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല. ഭാരത് കാ വീര്‍ പുത്ര- മഹാറാണ പ്രതാപ് എന്ന സീരിയലിലൂടെയാണ് 20കാരിയായ തുനിഷ ശർമ ടെലിവിഷന്‍ രംഗത്തെത്തിയത്. ശ്രദ്ധേയമായ ഹിന്ദി സീരിയലുകൾക്ക് പുറമെ ഏതാനും സിനിമകളിലും തുനിഷ വേഷമിട്ടിട്ടുണ്ട്.