എഞ്ചിനീയറിംഗ് സിലബസില്‍ മഹാഭാരതവും രാമായണവും ഉള്‍പ്പെടുത്തി മധ്യപ്രദേശ്
പുതിയ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് പരിഷ്കരണം
എഞ്ചിനീയറിംഗ് സിലബസില്‍ മഹാഭാരതം, രാമായണം, രാമചരിത മാനസം എന്നിവ ഉള്‍പ്പെടുത്തി മധ്യപ്രദേശ് സര്‍ക്കാര്‍. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പാണ് പ്രഖ്യാപനം നടത്തിയത്.
പുതിയ തീരുമാനത്തില്‍ തെറ്റൊന്നുമില്ലെന്ന് ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി മോഹന്‍ യാദവ് മാധ്യമങ്ങളോടു പറഞ്ഞു. പുതിയ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമാണ് പരിഷ്ക്കരണമെന്നും ഇതിഹാസങ്ങളെക്കുറിച്ച് പഠിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഇതൊരു മുതല്‍ക്കൂട്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
"ഞങ്ങളുടെ വിദ്യാഭ്യാസ ബോര്‍ഡിലെ അധ്യാപകര്‍ സിലബസ് തയ്യാറാക്കിക്കഴിഞ്ഞു. ചരിത്രത്തിന്‍റെ മഹത്വം സമൂഹത്തിലേക്കെത്തിക്കാന്‍ ഇതിലൂടെ നമുക്ക് സാധിക്കും. അതിലാര്‍ക്കും പ്രശ്നമുണ്ടാകേണ്ട കാര്യമില്ല" - മന്ത്രി പറഞ്ഞു.
'ദേശീയ വിദ്യാഭ്യാസ പദ്ധതി 2020' നടപ്പാക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് മധ്യപ്രദേശ്. ഇതിഹാസങ്ങള്‍ സിലബസില്‍ ഉള്‍പ്പെടുത്തുന്നതിനെതിരെ പല കോണുകളില്‍ നിന്നും വിമര്‍ശനം ഉയരുന്നുണ്ട്.