മധ്യപ്രദേശ് ബി.ജെ.പിയിൽ തർക്കം രൂക്ഷം; മുതിർന്ന നേതാവ് റുസ്തം സിങ് ഉൾപ്പെടെ ആറു പേർ രാജിവെച്ചു
ഗ്വാളിയോർ-ചമ്പൽ മേഖലയിലെ ഗുർജാർ നേതാവാണ് റുസ്തം സിങ്.
ഭോപ്പാൽ: നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് മധ്യപ്രദേശ് ബി.ജെ.പിയിൽ പൊട്ടിത്തെറി. മുതിർന്ന നേതാവും മുൻ മന്ത്രിയുമായ റുസ്തം സിങ് ഉൾപ്പെടെ ആറു നേതാക്കൾ രാജിവെച്ചു. 22 സീറ്റുകളിലെ സ്ഥാനാർഥികളെ സംബന്ധിച്ച് തർക്കം തുടരുകയാണ്. ബി.ജെ.പിക്കെതിരെ വിമതരായി മത്സരിക്കുമെന്ന് സീറ്റ് നിഷേധിക്കപ്പെട്ട നേതാക്കൾ പറഞ്ഞു.
ഗ്വാളിയോർ-ചമ്പൽ മേഖലയിലെ ഗുർജാർ നേതാവാണ് റുസ്തം സിങ്. 2003ൽ ഐ.പി.എസ് പദവി രാജിവെച്ചാണ് അദ്ദേഹം ബി.ജെ.പിയിൽ ചേർന്നത്. 2003-2008, 2013-2018 കാലഘട്ടങ്ങളിൽ എം.എൽ.എ ആയിരുന്നു. 2003 മുതൽ 2008 വരെയും 2015 മുതൽ 2018 വരെയും രണ്ടു തവണ മന്ത്രിയായി.
മൊറേന മണ്ഡലത്തിൽ മത്സരിക്കാനായി റുസ്തം ശക്തമായി രംഗത്തുണ്ടായിരുന്നെങ്കിലും പാർട്ടി സീറ്റ് നിഷേധിച്ചു. റുസ്തം സിങ്ങിന്റെ മകൻ രാകേഷ് സിങ് ബി.എസ്.പി സ്ഥാനാർഥിയായി മൊറേനയിൽ മത്സരിക്കുന്നുണ്ട്. പാർട്ടി വിട്ട സിങ് മൊറേനയിൽ മകന് വേണ്ടി പ്രചാരണം നടത്തുമെന്ന് വ്യക്തമാക്കി.