മധ്യപ്രദേശ് എം.എ.ല്‍എമാര്‍ക്ക് സ്പീക്കറുടെ വക രാമായണ കോഴ്‌സ്; പഠിക്കാന്‍ ആരുമെത്തിയില്ല
രാമചരിതമാനസ് സെ സാമാജിക് വികാസ് എന്ന വിഷയത്തിലാണ് സ്പീക്കര്‍ ഗിരീഷ് ഗൗതം ഓപണ്‍ യൂണിവേഴ്‌സിറ്റിയുടെ ഒരു വര്‍ഷ കോഴ്‌സ് കൊണ്ടു വന്നത്
മധ്യപ്രദേശിലെ നിയമസഭാ അംഗങ്ങള്‍ക്കു വേണ്ടി സ്പീക്കര്‍ മുന്‍കയ്യെടുത്ത് അവതരിപ്പിച്ച രാമായണ കോഴ്‌സിന് ഒരു എം.എല്‍.എ പോലും ചേര്‍ന്നില്ല. രാമചരിതമാനസ് സെ സാമാജിക് വികാസ് എന്ന വിഷയത്തിലാണ് സ്പീക്കര്‍ ഗിരീഷ് ഗൗതം ഓപണ്‍ യൂണിവേഴ്‌സിറ്റിയുടെ ഒരു വര്‍ഷ കോഴ്‌സ് കൊണ്ടു വന്നത്. ഈ കോഴ്‌സ് ഉപയോഗപ്പെടുത്താന്‍ എം.എ.ല്‍എമാരോട് രണ്ടു തവണ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആരും താല്‍പര്യം കാണിച്ചില്ല. പഠിക്കാന്‍ ആരും എത്താത്തതിനാല്‍ കോഴ്‌സിനുള്ള അപേക്ഷാ തിയതി ഓപ്പണ്‍ യൂണിവേഴ്‌സിറ്റി ജനുവരി 15 വരെ നീട്ടിയിരിക്കുകയാണ്. കോഴ്‌സിന്‍റെ കാലാവധി ഒരു വർഷവും ഫീസ് 3,000 രൂപയുമാണ്.
''ഓപ്പൺ യൂണിവേഴ്‌സിറ്റി നൽകുന്ന കോഴ്‌സുകൾ പ്രയോജനപ്പെടുത്തണമെന്ന് ഞാൻ രണ്ട് തവണയെങ്കിലും എം.എൽ.എമാരോട് അഭ്യർത്ഥിച്ചു, പക്ഷേ അവരാരും താൽപര്യം കാണിക്കുന്നില്ല.എനിക്ക് അവരോട് അപേക്ഷിക്കാൻ മാത്രമേ കഴിയൂ. മാതാപിതാക്കള്‍ സ്കൂളിലേക്ക് ഉന്തിയും തള്ളിയും വിടുന്ന ഒന്നാം ക്ലാസ് വിദ്യാര്‍ഥികളല്ല അവര്‍. കോഴ്‌സ് ചെയ്യാന്‍ എം.എല്‍.എമാരോട് ഇനിയും ആവശ്യപ്പെട്ടു കൊണ്ടിരിക്കുമെന്നും സ്പീക്കര്‍ എന്‍.ഡി ടിവിയോട് പറഞ്ഞു. ''ഈ കോഴ്‌സിൽ അയോധ്യ ശോധ് സൻസ്ഥാനുമായി (യുപി) സഹകരിച്ച് വികസിപ്പിച്ചെടുത്ത് നന്നായി ഗവേഷണം ചെയ്‌ത പാഠ്യഭാഗങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മതഗ്രന്ഥങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന ഭൗതികശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം, പരിസ്ഥിതി ശാസ്ത്രം എന്നിവയെക്കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്. പക്ഷെ ഒരു എം.എല്‍.എയും ഈ കോഴ്സിനു ചേര്‍ന്നിട്ടില്ലെന്നറിയാം'' ഭോജ് സർവകലാശാലയുടെ വൈസ് ചാൻസലർ ഡോ ജയന്ത് സോൻവാൾക്കർ പറഞ്ഞു.
കോഴ്സില്‍ ചേരാന്‍ സ്പീക്കർ എല്ലാ എം.എൽ.എമാരോടും അഭ്യർത്ഥിച്ചിട്ടുണ്ടെന്ന് ഭരണകക്ഷി എം.എൽ.എയായ ഹരിശങ്കർ ഖാതിക് സ്ഥിരീകരിച്ചു. എന്നാൽ എം.എല്‍.എമാര്‍ താല്‍പര്യം കാണിക്കാത്തത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കാന്‍ തയ്യാറായില്ല. കോവിഡ് മഹമാരിയുടെ സമയത്ത് ആളുകൾ വീടിനുള്ളിൽ രാമചരിതമനസ് വായിക്കുന്നുണ്ടായിരുന്നുവെന്ന് കോണ്‍ഗ്രസ് എം.എല്‍.എ പി.സി ശര്‍മ്മ വ്യക്തമാക്കി.
230 അംഗ നിയമസഭയിൽ 12 എം.എൽ.എമാർ ആറാം ക്ലാസില്‍ പഠിപ്പ് നിര്‍ത്തിയവരും 7 എം.എൽ.എമാർ ഒൻപതാം ക്ലാസ് പാസായവരും 13 പേര്‍ ഹൈസ്കൂൾ പാസായവരും 37 പേര്‍ പന്ത്രണ്ടാം ക്ലാസ് പാസായവരും 56 എം.എൽ.എമാർ ബിരുദവും ബിരുദാനന്തര ബിരുദവും ഉള്ളവരും 3 എം.എൽ.എമാർ പി.എച്ച്.ഡി നേടിയവരുമാണ്.