തെരഞ്ഞെടുപ്പ് വെറും പണച്ചെലവ്; മധ്യപ്രദേശിൽ പഞ്ചായത്ത് പ്രസിഡൻറ് പദവി 44 ലക്ഷത്തിന് ലേലം വിളിച്ചു നൽകി
ഇനി തെരഞ്ഞെടുപ്പ് നടന്നാൽ ലേലം കിട്ടിയയാളെ തന്നെ തെരഞ്ഞെടുക്കുമെന്നും സത്യം ചെയ്തിരിക്കുകയാണ് ഗ്രാമവാസികൾ
തെരഞ്ഞെടുപ്പ് വെറും പണച്ചെലവാണെന്ന് അഭിപ്രായപ്പെട്ട് മധ്യപ്രദേശ് ഗ്രാമത്തിലെ സർപഞ്ച് പദവി 44 ലക്ഷത്തിന് നാട്ടുകാർ ലേലം വിളിച്ചു നൽകി. അശോക് നഗർ ജില്ല ആസ്ഥാനത്ത് നിന്ന് 30 കിലോമീറ്റർ അകലേ ഭാട്ടുലി ഗ്രാമത്തിലാണ് മത്സരാർത്ഥികൾക്കിടയിൽ ലേലം വിളി സംഘടിപ്പിച്ച് പഞ്ചായത്ത് അധ്യക്ഷനെ കണ്ടെത്തിയത്. ഇനി തെരഞ്ഞെടുപ്പ് നടന്നാൽ ലേലം കിട്ടിയയാളെ തന്നെ തെരഞ്ഞെടുക്കുമെന്നും സത്യം ചെയ്തിരിക്കുകയാണ് ഗ്രാമവാസികൾ. ചൊവ്വാഴ്ച നടന്ന ലേലം വിളി 21 ലക്ഷത്തിലാണ് തുടങ്ങിയത്. നാലുപേർക്കിടയിൽ നിന്ന് 44 ലക്ഷം വിളിച്ച സൗഭാഗ് സിങ് ലേലം ഉറപ്പിച്ചു. ശേഷം നാട്ടുകാർ പൂച്ചെണ്ട് നൽകി ഇദ്ദേഹത്തെ സ്വീകരിച്ചു. ലേലത്തുക നാടിന്റെ വികസനത്തിനും ഗ്രാമത്തിലെ ക്ഷേത്രം പുനരുദ്ധരിക്കാനുമാണ് ഉപയോഗിക്കുക.
MP village residents 'auction' Sarpanch post for Rs 44 lakh to avoid fund wastage | @delayedjab
— IndiaToday (@IndiaToday) December 16, 2021
Read More: https://t.co/MjpBUD0laL#MadhyaPradesh #News #ITCard pic.twitter.com/xwxwQ5ZKK0
''ഇനി ഇദ്ദേഹം പറഞ്ഞ പണം നൽകാതിരുന്നാൽ രണ്ടാമത്തെയാളാകും സർപഞ്ച്. എന്തായാലും തെരഞ്ഞെടുപ്പ് നടത്തി ഞങ്ങൾ പണം കളയില്ല'' -മുതിർന്ന ഗ്രാമവാസികളിലൊരാൾ പറഞ്ഞു. ഇനി അഥവാ തെരഞ്ഞെടുപ്പ് നടന്ന് ഇപ്പോൾ ലേലം നേടിയ സൗഭാഗ് സിങിന് മത്സരിക്കാൻ കഴിയാതിരുന്നാൽ എന്തു ചെയ്യുമെന്ന ചോദ്യത്തിന് നാട്ടുകാർക്ക് ഉത്തരമില്ലായിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് പ്രക്രിയ ക്രമപ്രകാരം നടക്കുമെന്ന് അധികൃതർ അറിയിച്ചു. ഭാട്ടുലിയിലെ റിട്ടേണിങ് ഓഫിസറായ തഹസിൽദാറിനോട് ലേലത്തെ കുറിച്ച് അന്വേഷിക്കാനും റിപ്പോർട്ട് സമർപ്പിക്കാനും പറഞ്ഞതായി എസ്ഡിഎം ചന്ദേരി പ്രഥാം കൗഷിക് പറഞ്ഞു.
Madhya Pradesh village sarpanch post auctioned for Rs 44 lakh