ചെരിപ്പിടില്ലെന്ന മന്ത്രിയുടെ 'ശപഥം' ഫലം കണ്ടു; രണ്ടുമാസം കൊണ്ട് മണ്ഡലത്തിലെ റോഡുകൾ നന്നാക്കി ഉദ്യോഗസ്ഥര്‍
ഗ്വാളിയോറിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യയാണ് മന്ത്രിയെ വീണ്ടും ചെരിപ്പ് ധരിപ്പിച്ചത്
ഭോപ്പാൽ: സ്വന്തം നിയോജക മണ്ഡലത്തിലെ റോഡുകൾ നന്നാക്കുന്നത് വരെ ചെരിപ്പ് ധരിക്കില്ലെന്ന മന്ത്രിയുടെ ശപഥം ഫലം കണ്ടു. പ്രതിജ്ഞയെടുത്ത് 66 ദിവസത്തിനകം റോഡുകളും നന്നാക്കി. മധ്യപ്രദേശിലെ ഊർജ മന്ത്രിയും ഗ്വാളിയോറിൽ നിന്നുള്ള എംഎൽഎയുമായ മധ്യപ്രദേശ് ഊർജ മന്ത്രി പ്രധുമൻ സിംഗ് തോമറിനോട് റോഡിന്റെ ശോച്യാവസ്ഥയെക്കുറിച്ച് ജനങ്ങൾ നിരന്തരം പരാതിപ്പെട്ടിരുന്നു.
ശോച്യാവസ്ഥയിലായ റോഡുകൾ നികത്തുമെന്ന് ഉദ്യോഗസ്ഥർ നേരത്തെ ഉറപ്പുനൽകിയിരുന്നുവെങ്കിലും ഒരുനടപടിയുമുണ്ടായില്ലെന്നാണ് ജനങ്ങളുടെ പരാതി. ഇതോടെയാണ് റോഡുകൾ നന്നായി നിർമിച്ചാൽ മാത്രമേ ചെരിപ്പിടൂ എന്ന് മന്ത്രി പ്രതിജ്ഞയെടുത്തത്.'കാൽനടയാത്രക്കാർ അനുഭവിക്കുന്ന വേദന എന്താണെന്ന് എനിക്കും അറിയണം. റോഡുകൾ നന്നാക്കുന്നത് വരെ അത് അനുഭവിക്കാൻ ആഗ്രഹിക്കുന്നതായും മന്ത്രി അന്ന് പറഞ്ഞിരുന്നു.
ഒക്ടോബർ 20ന് പ്രദ്യുമൻ സിംഗ് നടത്തിയ പരിശോധനയിലാണ് തന്റെ മണ്ഡലത്തിലെ റോഡുകൾ മോശമാണെന്ന് കണ്ടെത്തിയത്. തുടര്‍ന്നാണ് മണ്ഡലത്തിലെറോഡുകള്‍ രണ്ടുമാസത്തിനകം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നന്നാക്കിയെടുത്തത്. റോഡുകളുടെ ഉദ്ഘാടനവും അടുത്ത് തന്നെ നടക്കും.
ഞായറാഴ്ച ഗ്വാളിയോറിലെത്തിയ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് മന്ത്രിയെ ചെരിപ്പ് ധരിപ്പിച്ചത്. റോഡുകൾ നന്നാക്കിയതിന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, നരേന്ദ്ര സിംഗ് തോമർ എന്നിവർക്ക് മന്ത്രി പ്രധുമൻ സിംഗ് തോമര്‍ നന്ദി പറഞ്ഞു.