ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കാൻ മകൾക്ക് സർട്ടിഫിക്കറ്റ് നൽകരുതെന്ന പിതാവിന്റെ ആവശ്യം തള്ളി മദ്രാസ് ഹൈക്കോടതി
യുവതി സ്വന്തം താൽപര്യപ്രകാരമാണ് മതംമാറുകയും ബംഗ്ലാദേശ് പൗരനെ വിവാഹം കഴിക്കുകയും ചെയ്തതെന്ന് എൻഐ.എ റിപ്പോർട്ട് ഉദ്ധരിച്ച് കോടതി വ്യക്തമാക്കി
ചെന്നൈ: ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചതായുള്ള മകളുടെ പ്രഖ്യാപനത്തിന് അനുമതി നൽകാനുള്ള നടപടിയിൽനിന്ന് കേന്ദ്ര സർക്കാരിനെ തടയണമെന്ന് ആവശ്യപ്പെട്ട് ചെന്നൈ സ്വദേശി സമർപ്പിച്ച റിട്ട് ഹരജി കോടതി തള്ളി. മകളെ നിർബന്ധിതമായി മതംമാറ്റി തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് ആരോപിച്ച് സമർപ്പിച്ച ഹരജിയിലാണ് മദ്രാസ് ഹൈക്കോടതി തള്ളിയത്.
നിലവിൽ ബംഗ്ലാദേശിലെ ധാക്കയിൽ ഭർത്താവിനൊപ്പം കഴിയുന്ന 25കാരിക്ക് ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചതിനുള്ള 'നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്' അനുവദിക്കുന്നതിൽനിന്ന് കേന്ദ്ര ആഭ്യന്തര, വിദേശകാര്യ മന്ത്രാലയങ്ങളെ തടയണമെന്ന ഹരജിയിലാണ് കോടതിയുടെ നടപടി. ഭീകരവാദ പ്രവർത്തനത്തിന്റെ ഭാഗമായി മകൾ ഹർഷിദ ബെയ്ഡിനെ ഇസ്‌ലാമിലേക്ക് മതംമാറ്റി ബംഗ്ലാദേശിലേക്ക് കടത്തുകയായിരുന്നുവെന്നാണ് പിതാവ് വിനീത് ബെയ്ഡ് പരാതിയിൽ ആരോപിച്ചത്.
ജസ്റ്റിസുമാരായ അബ്ദുൽ ഖുദ്ദൂസ്, പി.എൻ പ്രകാശ്, എ.എ നക്കീരൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. കേസിൽ എൻ.ഐ.എ അന്വേഷണം അവസാനിപ്പിച്ചതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രായപൂർത്തിയായ ആളാണ് ഹർഷിദയെന്നും സ്വന്തം താൽപര്യപ്രകാരമാണ് മതംമാറുകയും ബംഗ്ലാദേശ് പൗരനെ വിവാഹം കഴിക്കുകയും ചെയ്തതെന്ന് എൻഐ.എ റിപ്പോർട്ട് ചൂണ്ടിക്കാട്ടി കോടതി ഉത്തരവിൽ പറഞ്ഞു. 25കാരിയുമായി വിഡിയോ കോളിൽ സംസാരിച്ച ശേഷമായിരുന്നു കോടതി ഹരജി തള്ളിയത്.
ബ്രിട്ടനിലെ പഠനകാലത്താണ് ഇസ്‌ലാമിൽ ആകൃഷ്ടയായതെന്ന് യുവതി കോടതിയോട് വ്യക്തമാക്കിയിട്ടുണ്ട്. പിന്നീട് ഒരു ബംഗ്ലാദേശി യുവാവുമായി പ്രണയത്തിലാകുകയും അദ്ദേഹത്തെ വിവാഹം കഴിക്കുകയുമായിരുന്നുവെന്നും യുവതി കൂട്ടിച്ചേർത്തു. മകളുമായി വിഡിയോ കോളിൽ സംസാരിക്കാൻ കോടതി മാതാപിതാക്കൾക്ക് അവസരമൊരുക്കുകയും ചെയ്തിരുന്നു. മകളോട് നാട്ടിലേക്ക് വരണമെന്ന് ഇവർ അപേക്ഷിച്ചെങ്കിലും താൻ സുഖമായാണ് ബംഗ്ലാദേശിൽ കഴിയുന്നതെന്ന് പറഞ്ഞ് ഒഴിയുകയായിരുന്നു. വിഡിയോ കോളിൽ യുവതിക്കൊപ്പം ധാക്കാ പൊലീസും ഇന്ത്യൻ കോൺസുലേറ്റ് വൃത്തങ്ങളും സന്നിഹിതരായിരുന്നു.
Summary: "She converted to Islam and applied for Bangladeshi citizenship voluntarily": Madras HC dismisses father's plea against daughter renouncing Indian citizenship